തിരുവനന്തപുരം: കേരളം ആരു ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യ മുന്നണി തുടര്‍ഭരണം സ്വന്തമാക്കിയത്. കേരള ജനത വീണ്ടും തങ്ങളെ അധികാരത്തിലേറ്റുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മവിശ്വാസം ശരിയാകുന്നതാണ് കേരളം കണ്ടത്. വിജയത്തിന് പിന്നാലെ അടുത്ത സര്‍ക്കാരിനെ കുറിച്ചുള്ള തിരക്കിട്ട ചര്‍ച്ചകളിലേക്ക് മുഖ്യമന്ത്രി കടന്നതായാണ് വിവരം.
യുവത്വത്തിനും അനുഭവ സമ്പത്തിനും സ്ത്രീ പ്രാതിനിധ്യത്തിനും തുല്യ പരിഗണന നല്കി ഏവരെയും വിസ്മയിപ്പിക്കാനാണ് പിണറായി വിജയന് ഒരുങ്ങുന്നത്. സാമുദായിക, പ്രാദേശിക പരിഗണനകളൊന്നും നോക്കാതെയാകും ഇത്തവണ മന്ത്രിമാരെ നിശ്ചയിക്കുക എന്നതാണ് സൂചന. സ്ഥാനാര്‍ഥി നിര്‍ണയത്തിലേത് പോലെ ഭരണതലത്തിലും തലമുറമാറ്റത്തിനാണ് സിപിഎം തയാറെടുക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിലെ ക്യാബിനറ്റില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ അവസരം നല്‍കാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്.
നിലവിലെ ക്യാബിനറ്റില്‍ രണ്ട് വനിതകളാണുണ്ടായിരുന്നതെങ്കില്‍ ഇനി സിപിഎമ്മില്‍ നിന്ന് മാത്രം മൂന്ന് വനിതകള്‍ക്കെങ്കിലും അവസരം ലഭിച്ചേക്കും. നിലവിലെ മന്ത്രി കെ കെ ശൈലജയ്ക്കൊപ്പം ഇരിങ്ങാലക്കുടയില്‍ നിന്ന് ജയിച്ച തൃശൂര്‍ കോര്പറേഷന് മുന്മേയര് ഡോ. ബിന്ദുവിനെയും ആറന്മുളയില് നിന്ന് രണ്ടാം തവണയും സഭയിലെത്തിയ വീണ ജോര്‍ജിനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന. ഒരു നിയമസഭാംഗമുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെങ്കില്‍ 15 മന്ത്രിസ്ഥാനങ്ങള്‍ വരെ സിപിഎം ഏറ്റെടുക്കാനാണ് സാധ്യത. യുവനേതാക്കളായ എ എന്‍ ഷംസീര്‍, മുഹമ്മദ് റിയാസ്, എം ബി രാജേഷ്, തിരുവനന്തപുരം മുന്‍ മേയര്‍ വി കെ പ്രശാന്ത് എന്നിവരുടെ പേരുകളും മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടേക്കാം.
ഇതു കൂടാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം വി ഗോവിന്ദന്, മുന്‍ എംപിമാരായ കെ എന്‍ ബാലഗോപാല്‍, പി രാാജീവ്, മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്, മുന്‍ എംഎല്‍എയായ വി എന്‍ വാസവന് എന്നിവരെയും പരിഗണിച്ചേക്കാം. മാനന്തവാടിയില്‍ നിന്ന് മത്സരിക്കുന്ന ഒ ആര് കേളു, ആലപ്പുഴയില്‍ നിന്നുള്ള പി പി ചിത്തരഞ്ജന്, സജി ചെറിയാന്, നേമത്ത് ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്ത വി ശിവന്‍കുട്ടി എന്നിവരുടെ പേരുകളും പരിഗണനക്ക് വരാം.
നിലവിലെ മന്ത്രിസഭയില്‍ അംഗങ്ങളായ എം എം മണി, എ സി മൊയ്തീന്, ടി പി രാമകൃഷ്ണന്, കടകംപള്ളി സുരേന്ദ്രന് എന്നിവരുടെ കാര്യത്തിലും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും. ആരോപണങ്ങള്‍ നേരിടുകയും ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനവും കേള്‍ക്കേണ്ടിവന്നതിനെ തുടര്‍ന്ന് രാജിവെക്കേണ്ട കെ ടി ജലീലിന് ഇനി അവസരം ലഭിക്കാന്‍ സാധ്യതയില്ല.
കോവിഡ് വ്യാപനം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ വലിയ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. ഇനി എത്രയും വേഗത്തില്‍ ലളിതമായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി കഴിഞ്ഞു.