കോട്ടയം: എം.ജി. സര്‍വകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എ.ഐ.എസ്.എഫ്.എസ്.എഫ്.ഐ. പ്രശ്നത്തില്‍ ഇടപെടേണ്ടെന്ന നിലപാടുമായി സി.പി.എം., സി.പി.ഐ. നേതൃത്വങ്ങള്‍. വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്ക് അവര്‍ തീര്‍ത്തോളുമെന്ന നിലപാടിലാണ് ഇരുപാര്‍ട്ടികളും.
നിലവില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എ.വി. റസ്സല്‍ പറഞ്ഞു. എസ്.എഫ്.െഎ. പ്രവര്‍ത്തകര്‍ക്കെതിരേ മാത്രമല്ല, എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരുടെ പേരിലും കേസുണ്ട് റസ്സല്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടുന്നില്ലെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന് പറഞ്ഞു. സംസ്ഥാന സെക്രട്ടറിതന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കത്തിലേക്ക് പോകേണ്ട കാര്യമില്ല. കേസ് അതിന്റെ വഴിക്ക് നീങ്ങുമെന്നും ശശിധരന് പറഞ്ഞു.
സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ.ക്കാരിയായ വനിതാ പ്രവര്‍ത്തകയെ അപമാനിച്ചെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും കാട്ടി എസ്.എഫ്.ഐ. നല്കിയ പരാതിയില്‍ ഏഴ് എ.ഐ.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരായ അമല്‍, അഭിജിത്ത്, ഫഹദ്, നന്ദു എന്നിവരുപ്പെടെ ഏഴുപേര്‍ക്കെതിരേയാണ് കേസ്.
സംഘര്‍ഷത്തിനിടെ തന്നെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന എ.ഐ.എസ്.എഫ്. സംസ്ഥാന നേതാവിന്റെ പരാതിയില്‍ 10 എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനുപിന്നാലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കോട്ടയം ഡിവൈ.എസ്.പി.ക്ക് നല്കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.
വിദ്യാര്‍ഥിസംഘര്‍ഷത്തില്‍ തന്റെ സ്റ്റാഫംഗങ്ങളാരും ഉള്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി ആര്. ബിന്ദു അറിയിച്ചു. അത്തരത്തിലുള്ള വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു.
എ.ഐ.എസ്.എഫ്. പ്രവര്‍ത്തകര്‍ എസ്.എഫ്.െഎ. പ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ എസ്.എഫ്.ഐ.യെ വെല്ലുവിളിക്കുന്നു. തെളിയിച്ചാല്‍ അവരെ പുറത്താക്കും. എ.ഐ.എസ്.എഫ്. സംസ്ഥാനകമ്മിറ്റിയംഗത്തെ എസ്.എഫ്.ഐ. നേതാവ് ചവിട്ടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ നേതാവിനെതിരേ നടപടിയെടുക്കുമോയെന്ന് എസ്.എഫ്.ഐ. വ്യക്തമാക്കണം എ.ഐ.എസ്.എഫ്. ജില്ലാ പ്രസിഡന്റ് എസ്. ഷാജോ പറഞ്ഞു.