സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹരിത നേതാക്കളുടെ പരാതിയിൽ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ലീഗ് ഉന്നതാധികാരസമിതിയംഗം എം.കെ. മുനീർ. നവാസിനെ അറസ്റ്റ് ചെയ്ത നടപടിയെ എം.കെ. മുനീർ രൂക്ഷമായി വിമർശിച്ചു. നവാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും, മുസ്ലിം ലീഗിനെ തകർക്കാനുള്ള സി.പി.എമ്മിന്റെ ശ്രമമാണെന്നും മുനീർ ആരോപിച്ചു. പി.കെ. നവാസിനെ പിന്തുണച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മു ഈൻ അലി തങ്ങളും രംഗത്തെത്തിയിരുന്നു.
അതേസമയം, അനീതിക്കെതിരെ പൊങ്ങാത്ത കൈ എന്തിനാണെന്ന് ഹരിതയുടെ പത്താം വാർഷികത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നി പ്രതികരിച്ചു. അക്രമം തടയാത്ത വാക്ക് എന്തിനാണെന്നും മുഫീദ തെസ്നി ഫേസ്ബുക്കിൽ കുറിച്ചു. ഹരിത പത്താം വാർഷിക പോസ്റ്റിലാണ് പരാമർശം. ഫേയ്സ്ബുക്ക് സ്റ്റോറിയിലാണ് പ്രതികരണം.
നേരത്തെ ഹരിതയെ പരിച്ചുവിട്ട മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുഫീദ തെസ്നി രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരുമെന്നും ഒരു സന്ധിയുമില്ലെന്നും ഹരിത സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുഫീദ തെസ്നി പറഞ്ഞു. മാധ്യമം ദനിപത്രത്തിലെഴുതിയ ലേഖനത്തിലാണ് തെസ്നി നിലപാട് വ്യക്തമാക്കിയത്.