BREAKINGKERALA

പി. ജയരാജന്റെ പുസ്തകം കത്തിച്ചു; 30 പി.ഡി.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: പി. ജയരാജന്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച കേസില്‍ 30 പി.ഡി.പി പ്രവര്‍ക്കര്‍ക്കെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്ത വേദിക്ക് അടുത്തായായിരുന്നു പി.ഡി.പി. പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍അബ്ദുല്‍ നാസര്‍ മഅദനിയെയും പി.ഡി.പി.യെയും മോശമായ രീതിയില്‍ പരാമര്‍ശിച്ചു എന്ന് ആരോപിച്ചാണ് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ആര്‍.എസ്.എസ്. മാതൃകയില്‍ തീവ്രസ്വഭാവത്തിലൂന്നിയാണ് പി.ഡി.പി. പ്രവര്‍ത്തിക്കുന്നത് എന്ന് പുസ്തകത്തില്‍ പറയുന്നതായി പി.ഡി.പി. ആരോപിച്ചു. പുസ്തകപ്രകാശനം നടന്നതിന്റെ തൊട്ടടുത്തായി ഒരു സംഘം പി.ഡി.പി. പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രതീകാത്മകമായി പുസ്തകം കത്തിക്കുകയായിരുന്നു. അന്യായമായ സംഘം ചേരല്‍, വഴി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി, കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത് വിട്ടയച്ചത്.
ആര്‍.എസ്.എസ്. മോഡലില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തില്‍ സംഘടന വളര്‍ത്തിയെന്ന് പി. ജയരാജന്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷമാണ് ആര്‍.എസ്.എസ്. മോഡലില്‍ കേരളത്തില്‍ മുസ്ലീം തീവ്രവാദം വളര്‍ന്നതെന്നാണ് പരാമര്‍ശം.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളര്‍ത്തുന്ന തരത്തില്‍ പ്രഭാഷണപരമ്പരകള്‍ സംഘടിപ്പിച്ചതെന്നും അതിനായി അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനും തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും ജയരാജന്‍ ആരോപിച്ചിട്ടുണ്ട്.
1990-ല്‍ ആര്‍.എസ്.എസ്സിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐഎസ്എസ്) രൂപീകരിച്ചത് മഅ്ദനിയുടെ നേത്യത്വത്തിലാണ്, ഐഎസ്എസ്സിലൂടെ മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും ആയുധപരിശീലനവും നല്‍കിയെന്നും ജയരാജന്‍ എഴുതുന്നു.

Related Articles

Back to top button