കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാവും അപേക്ഷ നല്‍കുക. നവീന്‍ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരും. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ദിവ്യക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന് ഇന്ന് വ്യക്തമായേക്കും.
വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മണിക്കൂറുകള്‍ക്കകം നാടകീയമായി ദിവ്യ പൊലീസിന് മുന്നിലെത്തിയത്. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.
ദിവ്യക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ ശരിവെച്ചാണ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. ക്ഷണിച്ചിട്ടാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളഞ്ഞു. പൊതുപ്രവര്‍ത്തകയായ താന്‍ അഴിമതിക്ക് എതിരെ കര്‍ശന നിലപാട് എടുക്കുന്നയാളാണ്, തീര്‍ത്തും സദുദ്ദേശപരമായിരുന്നു അന്നത്തെ പ്രസംഗം, സമൂഹത്തിനു മുന്നില്‍ ആ സന്ദേശം എത്തിക്കാനായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്, എന്ന വാദങ്ങള്‍ ഓരോന്നും കോടതി തള്ളിക്കളയുന്നുണ്ട്. ക്ഷണിക്കാത്ത സ്വകാര്യ ചടങ്ങില്‍ വീഡിയോഗ്രാഫറുമായി എത്തുന്നതിന്റെ ലക്ഷ്യമെന്തെന്ന് മനസിലാവുന്നില്ലെന്ന് നിരീക്ഷിച്ച തലശ്ശേരി സെഷന്‍സ് കോടതി ജഡ്ജ് കെ ടി നിസാര്‍ അഹമ്മദ് വീഡിയോ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കണ്ടെത്തി. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്.
പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ ടി വി പ്രശാന്ത് എ ഡി എമ്മിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന് ഒരു തെളിവും ഹാജരാക്കാന്‍ പ്രതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഗംഗാധരന്‍ എന്ന മറ്റൊരു പരാതിക്കാരനെപ്പറ്റി ദിവ്യ പറയുന്നുണ്ട്. എന്നാല്‍, ആ പരാതിയില്‍ നവീന്‍ ബാബു അഴിമതി കാട്ടിയെന്ന ആരോപണമേ ഇല്ലെന്ന കുടുംബത്തിന്റെ വാദമാണ് കോടതി അംഗീകരിച്ചത്.
പ്രസംഗം ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചതല്ലെന്നും അതിനാല്‍ പ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു ദിവ്യയുടെ മറ്റൊരു വാദം. എന്നാല്‍ പ്രസംഗവും അതെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ നവീന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന വസ്തുത ചൂണ്ടിക്കാട്ടി ആ വാദവും കോടതി തള്ളിക്കളഞ്ഞു.
62 1 minute read