BREAKINGKERALA

‘പി.വി.അന്‍വറിന് പിന്നില്‍ അധോലോകസംഘങ്ങളുണ്ട്’ അപകീര്‍ത്തി കേസുമായി പി.ശശി

asiകണ്ണൂര്‍ : പി.വി.അന്‍വറിനെതിരേ സി.പി.എം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി.ശശി കോടതിയില്‍ ക്രിമിനല്‍ അപകീര്‍ത്തി ഹര്‍ജി നല്‍കി. തലശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലാണ് ഹര്‍ജി നല്‍കിയത്.
രാഷ്ട്രീയമായി അധ:പതിച്ചുകഴിഞ്ഞാല്‍ പിന്നെ വ്യക്തിപരമായ ആക്ഷേപം നടത്തി മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്ന ശ്രമമാണ് പി.വി. അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പി.ശശി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പി.വി.അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളുണ്ടെന്നും പി.ശശി ആരോപിച്ചു.
‘ഇതിന് പിന്നില്‍ ഒരുപാട് അധോലോകസംഘങ്ങളുണ്ട്. കേരളത്തിലെ ഗവണ്‍മെന്റിന്റെ അഴിമതിരഹിതമായ ജനനന്മയുയര്‍ത്തിക്കൊണ്ടുള്ള ഭരണത്തിന്റെ ഫലമായി നഷ്ടവും ക്ഷീണവും സംഭവിച്ച കുറേ അധോലോകസംഘങ്ങളുണ്ട്. ആ അധോലോകസംഘങ്ങളുടെയെല്ലാം പിന്‍ബലം, ഗവണ്‍മെന്റിന് എതിരായിട്ടും മുഖ്യമന്ത്രിയ്ക്ക് എതിരായിട്ടും ആക്രമണം നടത്തുന്ന ദുഷ്പ്രചരണം നടത്തുന്നവര്‍ക്കും കിട്ടിയെന്നും വന്നേയ്ക്കാം.-പി.ശശി പറഞ്ഞു.
മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്കെതിരേ ആരോപണമെന്നും പി.ശശി പറയുന്നു. അദ്ദേഹത്തെ ഈ കോടതിയില്‍ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പരാതിയാണ് നല്‍കിയിട്ടുള്ളത്. ബാക്കി കോടതിയും നിയമവും തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button