BREAKING NEWSKERALA

പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ; നിലവിലെ സ്ഥിതി ആശങ്ക ഉള്ളതല്ലെന്ന് സബ് കളക്ടര്‍

നിലമ്പൂര്‍: കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ പേരില്‍ ഉള്ള തടയണ നിലവില്‍ ആശങ്ക ഉണ്ടാക്കുന്ന അവസ്ഥയില്‍ അല്ലെന്ന് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ്. ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി വിദഗ്ധ സമിതി ക്ക് ഒപ്പം സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു സബ് കളക്ടറുടെ പ്രതികരണം. തടയണ പൊളിച്ച് നീക്കാന്‍ ഉള്ള ഹൈക്കോടതി നിര്‍ദേശം ജില്ലാ ഭരണകൂടം പാലിച്ചില്ല എന്ന കോടതി അലക്ഷ്യ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയാണ് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ ചീങ്കണ്ണിപ്പാലിയില്‍ എത്തിയത്.
മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ, ജില്ലാ ജിയോളജിസ്റ്റ് , ഏറനാട് തഹസില്‍ദാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു . മുന്‍ കളക്ടര്‍ ജാഫര്‍ മാലിക് 2019 ജൂണില്‍ തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നു വിട്ടിരുന്നു. എന്നാല്‍ തടയണ പൂര്‍ണമായും പൊളിച്ചിരുന്നില്ല. തടയണയോട് ചേര്‍ന്നുള്ള വശങ്ങളിലെ മണ്ണ് ആണ് നീക്കാന്‍ ബാക്കി ഉള്ളത്. നിലവില്‍ വെള്ളം ഒഴുകി പോകുന്ന അവസ്ഥ ആണെന്നും ആശങ്ക വേണ്ടെന്നും സബ് കളക്ടര്‍ പറഞ്ഞു.
‘ പ്രാഥമികമായി ഉള്ള ഒരു വിലയിരുത്തല്‍ മാത്രം ആണ്. നിലവിലെ അവസ്ഥ ആശങ്ക ഉണ്ടാക്കുന്നത് അല്ല. വെള്ളം ഒഴുകി പോകുന്ന സ്ഥിതി ആണ് . വെള്ളം തടഞ്ഞു നില്‍ക്കുന്നില്ല. കൂടുതല്‍ വെള്ളം വന്നാലും ഒഴുകിപ്പോകുന്ന അവസ്ഥ തന്നെ ആണ്. തടയണയുടെ വശങ്ങളില്‍ നിന്ന് കൂടുതല്‍ മണ്ണ് നീക്കുക എന്നത് എളുപ്പമല്ല. എന്നാല്‍ കോടതി ആവശ്യപ്പെട്ടാല്‍ മണ്ണ് നീക്കം ചെയ്യും. ‘ സബ് കളക്ടര്‍ പറഞ്ഞു.
തടയണക്ക് രണ്ടര കിലോമീറ്റര്‍ താഴെയുള്ള ആദിവാസി കോളനി കൂടി വിദഗ്ദ സമിതി സന്ദര്‍ശിച്ചു . നിലവിലെ സ്ഥിതിയില്‍ പ്രശ്‌നം ഇല്ലെന്ന് ആണ് കോളനി വാസികളുടെ അഭിപ്രായം. വെള്ളം മുഴുവന്‍ തുറന്ന് വിടുന്നത് വേനല്‍ കാലത്ത് മേഖലയില്‍ പ്രദേശത്ത് ജല ക്ഷാമം ഉണ്ടാക്കും എന്നും ചിലര്‍ സബ് കളക്ടറോട് പറഞ്ഞു. സബ് കലക്ടറുടെ കൂടെ ജലസേചനം, ജിയോളജി, വനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇവരും നിലവിലെ അവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച് ആകും ജില്ലാ ഭരണകൂടം ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
പി വി അന്‍വര്‍ എം എല്‍ എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2020 ജൂണ്‍ ഒമ്പതിന് ആയിരുന്നു അന്തിമ വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും തടയണപൊളിക്കാന്‍ മുന്‍ മലപ്പുറം കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നടപടി സ്വീകരിച്ചില്ല. ഇതോടെ പരാതിക്കാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാന്‍ 2021 ജനുവരി 15ന് ഹൈക്കോടതി വീണ്ടും കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദേശവും പാലിക്കപ്പെട്ടില്ല.
നിശ്ചിത ഇടവേളകളില്‍ കളക്ടര്‍ തടയണ സന്ദര്‍ശിക്കണമെന്നും വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കി സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്തണമെന്നുമുള്ള ഹൈക്കോടതി ഉത്തരവിലെ നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ലെന്ന് കാണിച്ച് നിലമ്പൂര്‍ സ്വദേശി എം പി വിനോദ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആണ് ഇപ്പൊള്‍ ഹൈക്കോടതി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker