BREAKING NEWSKERALALATEST

പി.സി. ജോര്‍ജ് പാറമട ലോബിയുടെ ആളെന്നു പൂഞ്ഞാര്‍ എംഎല്‍എ

പൂഞ്ഞാര്‍: പി.സി. ജോര്‍ജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. പിസി ജോര്‍ജ് പാറമട ലോബിയുടെ ആളാണെന്നും മൂന്നിലവില്‍ സ്വന്തമായി പാറമട നടത്തിയിരുന്നെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആരോപിക്കുന്നു. കൂട്ടിക്കല്‍ ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന പിസി ജോര്‍ജിന്റെ പരാമര്‍ശം ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെ പോലെയാണെന്നും എംഎല്‍എ പരിഹസിക്കുന്നു. തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പിസി ജോര്‍ജിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ പൂഞ്ഞാര്‍ എംഎല്‍എ ആയിരുന്ന ആളാണ് ഇതിനെല്ലാം ഉത്തരം പറയേണ്ടതെന്നാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ വാദം.
അതേസമയം, സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ആരോപണങ്ങള്‍ പി.സി. ജോര്‍ജ് തള്ളി. ഒരു പാറമട ഉടമയുടെ വണ്ടിയില്‍ എംഎല്‍എ ബോര്‍ഡ് വെച്ച് നടക്കുന്നയാളാണ് പൂഞ്ഞാര്‍ എംഎല്‍എ എന്നും പി.സി. ജോര്‍ജ് ആരോപിച്ചു.
ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ഇതില്‍ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. തനിക്ക് പാറമടയോ മറ്റ് ബിസിനസുകളോ ഇല്ല. ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ഇവരുടെ വീടുകളില്‍ അടുക്കളപ്പണി ചെയ്യുമെന്നും വെല്ലുവിളിച്ചു.

സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പ്രകൃതിദുരന്തം ആരാണ് ഉത്തരവാദി?
പൂഞ്ഞാറിലെ മുന്‍ എംഎല്‍എ യുടെ ഒരു പ്രസ്താവന പത്രങ്ങളില്‍ വായിക്കാനിടയായി. പൂഞ്ഞാറിലെ ഉരുള്‍പൊട്ടലിനും പ്രളയത്തിനും കാരണം സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ആണ് എന്നായിരുന്നു ആ പ്രസ്താവനയുടെ ഉള്ളടക്കം. ആ പ്രസ്താവനയിലൂടെ കണ്ണോടിച്ചപ്പോള്‍ രണ്ട് മുഖങ്ങള്‍ മനസ്സിലേക്കോടിയെത്തി. ‘ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനും, എട്ടുകാലി മമ്മൂഞ്ഞും’
കയ്യോടെ പിടിക്കപ്പെടുമെന്ന് ഉറപ്പാകുമ്പോള്‍ മറ്റാരെയെങ്കിലും ചൂണ്ടി കള്ളന്‍, കള്ളന്‍ എന്ന് വിളിച്ചു കൂവുന്ന പോക്കറ്റടിക്കാരനും എന്തിനും ഏതിനും അവകാശവാദം ഉന്നയിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞും.
കോട്ടങ്ങള്‍ മറ്റുള്ളവരില്‍ ആരോപിക്കുകയും നേട്ടങ്ങള്‍ തന്റേതു മാത്രമാക്കി മാറ്റുകയും ചെയ്യുന്ന കഥാപാത്രമായി സ്വയം ചിത്രീകരിക്കുകയാണല്ലോ ഈ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത് എന്ന കൗതുകമാണുണ്ടായത്.
കോട്ടയം ജില്ലയില്‍ ഏറ്റവുമധികം പാറമടകള്‍ ഉള്ളത് പൂഞ്ഞാറിലല്ലേ ? ആരാണ് കാലങ്ങളായി ഇവിടെ ജനപ്രതിനിധി ആയിരുന്നത്?
ഈ രണ്ടു ചോദ്യങ്ങള്‍ പൂഞ്ഞാര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ ആരോടാണ് ചോദിക്കേണ്ടത്?
മൂന്നിലവില്‍ സ്വന്തമായി പാറമട നടത്തിക്കൊണ്ടിരുന്നത് ആരാണ് എന്ന് എല്ലാവര്‍ക്കുമറിയാം. പലയിടത്തും ബിനാമി പേരുകളില്‍ പാറ ഖനനം നടത്തുന്നതും, വര്‍ഷങ്ങളായി പരിസ്ഥിതി ദോഷകരമായ എല്ലാ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നതും ആരാണെന്ന് പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് പകല്‍ പോലെ അറിയാം. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും മറ്റും ചര്‍ച്ച ചെയ്തിരുന്ന ഘട്ടത്തില്‍ പരിസ്ഥിതിവാദികളെ ആകെ കൊഴിവെട്ടി അടിക്കണം എന്ന് പറഞ്ഞ് അസഭ്യം വിളിച്ചവരും ആരാണെന്ന് പൂഞ്ഞാര്‍ ജനതയും, കൂട്ടിക്കല്‍ക്കാരും ഒന്നും മറന്നിട്ടില്ല. മലമടക്കുകളില്‍ ചുളുവിലയ്ക്ക് പാറക്കെട്ടുകള്‍ വാങ്ങി കൂട്ടിയിട്ട്, അധികാരവും സ്വാധീനവും ഉപയോഗിച്ച് ക്വാറികള്‍ക്ക് ലൈസന്‍സ് ഉണ്ടാക്കിയിട്ട്, വലിയ വിലയ്ക്കു മറിച്ചു വിറ്റ് കോടികള്‍ ലാഭമുണ്ടാക്കുന്നത് പിതാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ മകനാണ് എന്ന സത്യം അങ്ങാടിപ്പാട്ട് അല്ലേ? മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ക്വാറികളുമായും പല പ്രകാരത്തിലും നേരിലും, ബിനാമി രൂപത്തിലും, മാസപ്പടി വ്യവസ്ഥയിലും ഒക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളി ഗുണഫലങ്ങള്‍ അനുഭവിച്ച് തടിച്ചുകൊഴുത്ത് കുടവയര്‍ വീര്‍പ്പിക്കുമ്പോഴും, ഈ നാടിന്റെ പരിസ്ഥിതി ആകെ തകര്‍ത്ത് നിരാലംബരായ ജനങ്ങള്‍ ജീവനോടെ മണ്ണിനടിയില്‍ ആഴ്ന്നു പോകുന്ന ദുരന്ത മുഖത്തേക്ക് ഈ നാടിനെ വലിച്ചെറിഞ്ഞ പാപഭാരത്തില്‍ നിന്ന് കൈകഴുകി മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ അല്ലയോ പ്രസ്താവനക്കാരാ നിങ്ങളെ എന്ത് പേര് വിളിക്കണം എന്ന് അറിയില്ല. ദുരന്തമുഖത്തും ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തുകയോ, സഹായങ്ങള്‍ എത്തിക്കുകയോ ചെയ്യുന്നതിന് പകരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുമ്പോള്‍ അതിന് ചവറ്റുകുട്ടയില്‍ ആണ് പൂഞ്ഞാര്‍ ജനത സ്ഥാനം നല്‍കുന്നത് എന്നോര്‍മിച്ചാല്‍ നന്ന്.
പൂഞ്ഞാറില്‍ മുന്‍പ് നടന്ന പല വികസനങ്ങളും പാറമട ലോബികള്‍ക്ക് വഴിവെട്ടി കൊടുക്കാനും, റിയല്‍എസ്റ്റേറ്റ് മാഫിയായെ സഹായിക്കാനും ഒക്കെ ആയിരുന്നില്ലേ? പൂഞ്ഞാറില്‍ ഏതെങ്കിലും വികസനത്തില്‍ പരിസ്ഥിതി സംരക്ഷണം ഒരു ഘടകമായിരുന്നിട്ടുണ്ടോ? മുണ്ടക്കയം ബൈപാസ് നിര്‍മ്മിച്ച അവസരത്തില്‍ വേണ്ടപ്പെട്ട ചില ആളുകളുടെ സ്ഥലം സംരക്ഷിക്കാന്‍ വേണ്ടി മണിമലയാറ് കൈയേറി ബൈപാസ് നിര്‍മ്മിച്ച് ആറിന്റെ വീതി പകുതിയായി കുറച്ചില്ലേ.. നിഷേധിക്കാമോ? അതാണ് ഈ പ്രളയത്തില്‍ മുണ്ടക്കയം പുത്തന്‍ചന്ത അടക്കം പ്രളയ ജലത്തില്‍ മുങ്ങാനും, ടൗണ്‍ ഭാഗത്ത് മുളങ്കയത്തെയും കല്ലേപാലം ഭാഗത്തെയും ആറ്റുപുറം പോക്കില്‍ താമസിച്ചിരുന്ന 25 ഓളം വീടുകള്‍ പൂര്‍ണമായും ഒലിച്ചു പോകാനും, ആ പാവങ്ങളുടെയാകെ ജീവിത സാമ്പാദ്യങ്ങളും, സ്വപ്നങ്ങളും അറബിക്കടലിലാക്കാനും ഇടയായത് എന്നതല്ലേ സത്യം?
ഒരു നാടിനെയാകെ മുടിച്ചിട്ട് വേദാന്തം പറഞ്ഞാല്‍ അത് എന്നും ചിലവാകില്ല എന്നോര്‍ത്താല്‍ നന്ന്. കുറേപ്പേരെ കുറേക്കാലത്തേക്ക് കബളിപ്പിക്കാനായേക്കും, പക്ഷേ എല്ലാ കാലത്തേയ്ക്കും എല്ലാവരെയും കബളിപ്പിക്കാനാവില്ല എന്നത് കാലം കരുതി വയ്ക്കുന്ന സാമാന്യ നീതിയാണ്.
കേരളം മനസ്സില്‍ പ്രതിഷ്ഠിക്കുന്ന ജനകീയനായ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ പ്രസ്താവന കൊടുക്കുമ്പോഴും അന്യരെ പഴിക്കുമ്പോഴും ഒരുകാര്യം ചെയ്യണം..കാലം പൊയ്മുഖം വലിച്ചു കീറുമ്പോള്‍ കണ്ണാടിയിലെങ്കിലും ഒന്നു നോക്കുക … അവിടെ തെളിയുന്ന സ്വന്തം മുഖരൂപത്തിന് യൂദാസിന്റെയോ ചെന്നായയുടെയോ രൂപമുണ്ടോ എന്ന്!
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
എം എല്‍ എ, പൂഞ്ഞാര്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker