കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍ പോലീസിന് മുന്നില്‍ ഹാജരായി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ശ്രീകാന്ത് വെട്ടിയാര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനായി ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഹാജരായത്.
കൊച്ചിയിലെ ഹോട്ടലുകളില്‍വെച്ചും ആലുവയിലെ ഫഌറ്റില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പോയിരുന്നു. പിന്നീട് ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യവും തേടി. പാസ്പോര്‍ട്ട് കെട്ടിവെയ്ക്കണമെന്നടക്കമുള്ള ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ചോദ്യംചെയ്യലിന് ഹാജരാകാനും നിര്‍ദേശിച്ചിരുന്നു.
ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ശ്രീകാന്ത് വെട്ടിയാരെ ചോദ്യംചെയ്യുക. ചോദ്യംചെയ്യലില്‍ മതിയായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്കും പോലീസ് കടന്നേക്കും.