BREAKINGINTERNATIONAL

പുകവലി കാരണം പ്രതിവര്‍ഷം 80,000 പേര്‍ മരിക്കുന്നു, പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍. പുകവലി കാരണം പ്രതിവര്‍ഷം 80,000 പേര്‍ മരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍ പ്രതികരിച്ചു. പബ്ബ്, റെസ്റ്റൊറന്റ്, ഗാര്‍ഡന്‍, സ്റ്റേഡിയം, കുട്ടികളുടെ പാര്‍ക്കുകള്‍, ആശുപത്രികള്‍ക്കും സര്‍വകലാശാലകള്‍ക്കും സമീപമുള്ള നടപ്പാതകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനാണ് ആലോചന.
പൊതുസ്ഥലങ്ങള്‍ പുകവലി രഹിതമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. പുകവലി മൂലമുള്ള മരണങ്ങളും രോഗങ്ങളും കുറയ്ക്കണമെന്നാണ് ആഗ്രഹം. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന് മേലുള്ള സമ്മര്‍ദം കുറയ്ക്കണമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ലേബര്‍ പാര്‍ട്ടിയാണ് നിലവില്‍ ബ്രിട്ടനില്‍ ഭരണത്തിലുള്ളത്. ലോകത്തിലെ ഏറ്റവും കര്‍ശനമായ പുകവലി വിരുദ്ധ നിയമങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് പ്രകടന പത്രികയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരും സമാനമായ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഇതു സംബന്ധിച്ച നിയമ നിര്‍മാണം നടത്താന്‍ കഴിഞ്ഞില്ല.
2007-ല്‍ ജോലി സ്ഥലങ്ങളില്‍ ബ്രിട്ടന്‍ പുകവലി നിരോധിച്ചിരുന്നു. പിന്നാലെ പുകവലിക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ നടത്തിയ ഗവേഷണ പ്രകാരം ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. 2022ലെ കണക്ക് പ്രകാരം ബ്രിട്ടനിലെ 64 ലക്ഷം പേര്‍ പുകവലിക്കുന്നവരാണ്. അതായത് മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 13 ശതമാനം പേര്‍. ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സംഖ്യ കുറവാണ്. ഈ രാജ്യങ്ങളില്‍ 18 ശതമാനം മുതല്‍ 23 ശതമാനം വരെ ആളുകള്‍ പുകവലിക്കുന്നുണ്ടെന്നാണ് കണക്ക്.
അതേസമയം ബ്രിട്ടനിലെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പും ഉയരുന്നുണ്ട്. ഹോട്ടലുകളിലും നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും കഫേകളിലുമെല്ലാം പുകവലി നിരോധിക്കുന്നത് ബിസിനസിനെ ബാധിക്കും എന്നാണ് ചിലരുടെ വാദം.

Related Articles

Back to top button