കൊച്ചി: വലിയ ദുരന്തത്തെ നേരിടുന്ന വയനാട് ചൂരല്‍മലയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ വിശദീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയപ്പോഴാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. വയനാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശിച്ചു. തങ്ങളെക്കൊണ്ടുമാത്രം വയനാട് പുനരധിവാസം പൂര്‍ത്താക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പുനരധിവാസത്തിന് സര്‍ക്കാര്‍ തയാറാക്കിയ എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുകയായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത് പുനരധിവാസ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ചെന്ന് എ.ജി അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തകരുടെ മനോവീര്യം തകരുന്ന സാഹചര്യമുണ്ടാക്കി. എന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
53 Less than a minute