തൃശ്ശൂര്‍: വിവാദമായ തൃശ്ശൂര്‍ പൂരം കലക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം പൂര്‍ണ്ണമായി തള്ളി സി.പി.ഐ. നേതാവും തൃശ്ശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്. സുനില്‍ കുമാര്‍. പൂരദിവസമുണ്ടായ സംഭവഭങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് അദ്ദേഹം മറുപടി നല്‍കി. പൂരം അലങ്കോലപ്പെട്ടിട്ടില്ല എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ലെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
‘മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിത്. സംഘപരിവാറിന്റെ കൃത്യമായ ആസൂത്രണത്തോടെ വെടിക്കെട്ട് അടക്കമുള്ള പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ തടസ്സപ്പെടുത്തുകയും അലങ്കോലപ്പെടുത്തുകയും അത് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അത് ഇപ്പോഴും പറയും നാളേയും പറയും എപ്പോഴും പറയും. അത് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ’, സുനില്‍ കുമാര്‍ പറഞ്ഞു.
പൂരം പൂര്‍ണ്ണമായി അലങ്കോലപ്പെട്ടു എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. രാവിലത്തെ പൂരത്തിലൊന്നും ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും പറഞ്ഞ ശേഷമായിരുന്നു സുനില്‍ കുമാര്‍ അന്നത്തെ സംഭവങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞത്.
പൂരത്തിന്റെ ആചാരങ്ങള്‍ തകര്‍ത്ത് പൂരത്തെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് വി.എസ്. സുനില്‍ കുമാറിനെതിരേയും എല്‍.ഡി.എഫിനെതിരേയും എന്‍.ഡി.എ. സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ പ്രചാരണം നടത്തി. അതുവരെ പൂരത്തിന്റെ ഒരു ചടങ്ങിലും കാണാത്ത സ്ഥാനാര്‍ഥി ആംബുലന്‍സില്‍ വന്ന് ചര്‍ച്ച നടത്തി. അദ്ദേഹം തീരുമാനിച്ച പ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോയി. പൂരത്തെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നു. ഇത് ആര്‍ക്കുവേണ്ടിയാണ് നടത്തിയത്? ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ കാര്യമാണെന്ന് യാതൊരു സംശയവുമില്ലാത്ത കാര്യമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
രാവിലെ മുതല്‍ പൂരത്തിന്റെ സകല ചടങ്ങും തകര്‍ത്തുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അത് ശരിയല്ല. ആര്‍.എസ്.എസും മുഖ്യമന്ത്രിയുംകൂടി ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിക്ക് അംഗീകരിക്കാന്‍ പറ്റുമോ? അത്തരം കാര്യങ്ങളില്‍ തര്‍ക്കമില്ല. മുഖ്യമന്ത്രി അക്കാര്യങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂരം അലങ്കോലപ്പെട്ടു എന്നല്ല അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി എന്ന നിലപാടാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്വീകരിച്ചത്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇക്കാര്യം ആവര്‍ത്തിച്ചു. പൂരം കലങ്ങിയെന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാന്‍ കുടിലനീക്കം നടത്തുകയാണ് പ്രതിപക്ഷമെന്നും വിശദീകരണത്തില്‍ ആരോപിച്ചു.
45 1 minute read