കൊച്ചി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയില്‍ വീണ്ടും ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന ഉറവിടമാണ് പെട്രോളിയം നികുതി. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്നാണ് ഏകകണ്ഠമായി സ്വീകരിച്ചിട്ടുള്ള നിലപാടെന്ന് ജിഎസ്ടി കൗണ്‍സില്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിനു വന്‍ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണം.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പെട്രോളിനെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കോവിഡ് പുനരുജ്ജീവന പദ്ധതികള്‍ക്ക് വലിയ തോതില്‍ പണം കണ്ടത്തേണ്ടതുണ്ടെന്നും ജിഎസ്ടി കൗണ്‍സില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
നേരത്തേ കേസ് പരിഗണിക്കുമ്പോള്‍ സമാന നിലപാടുകള്‍ ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്‍കാനായിരുന്നു കോടതി നിര്‍ദേശം. ഇതേ തുടര്‍ന്നാണ് കൗണ്‍സില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്