ഗുവാഹത്തി: പെട്രോള്‍ വില കുതിച്ചുയരുന്നതില്‍ പരാതികള്‍ ഉയരുന്നതിനിടെ വിവാദ പരാമര്‍ശവുമായി അസമിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍. പെട്രോള്‍ വില 200 എത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ അനുവദിക്കാമെന്നാണ് അസം ബിജെപി അധ്യക്ഷന്‍ ബബീഷ് കലിതയുടെ വിവാദ പ്രസ്താവന. തമുല്‍പുരില്‍ നടത്തിയ പ്രസംഗത്തിലാണ് ഇത്തരമൊരു പരാമര്‍ശം കലിത നടത്തിയത്.
ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കാന്‍ മൂന്ന് പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും വാഹന നിര്‍മ്മാതാക്കള്‍ മൂന്ന് സീറ്റുള്ള വാഹനം നിര്‍മ്മിക്കണമെന്നും കലിത ആവശ്യപ്പെട്ടു. അസം മന്ത്രിസഭയില്‍ അംഗമായിരുന്ന കലിത കഴിഞ്ഞ ജൂണിലാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്.
എന്നാല്‍ കലിതയുടെ വിവാദ പരാമര്‍ശം ഏറ്റെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതാണോ മോദിയുടെ അഛാ ദിന് എന്നാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. വിലക്കയറ്റത്തില്‍ ബിജെപി ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ആഢംബര കാര്‍ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കാനും നേരത്തേ കലിത ആവശ്യപ്പെട്ടിരുന്നു.