കോഴിക്കോട്: രാത്രിയില്‍ ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കെഎസ് ആര്‍ ടി സി ബസ് ജീവനക്കാരനെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സംഭവത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി വിജിലന്‍സ് ഡയറക്ടറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഇന്നലെ കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. രാത്രി 10 മണിക്ക് ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല എന്നാണ് പരാതി. താമരശ്ശേരി സ്വദേശിയായ 19 വയസ്സുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് താമരശ്ശേരിയിലേക്കുള്ള യാത്രയില്‍ ഒറ്റയ്ക്കായിരുന്നു. സാധാരണ രാത്രി 8:30 നാണ് ബാംഗ്ലൂരില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് താമരശ്ശേരിയിലെത്തുക. എന്നാല്‍ ഇന്നലെ രാത്രി ബസ് എത്തിയത് രാത്രി 10 മണിക്കാണ്. പെണ്‍കുട്ടി ആവശ്യപ്പെട്ടത് താമരശ്ശേരി പഴയ ബസ്റ്റാന്‍ഡില്‍ നിര്‍ത്തണമെന്നായിരുന്നു. എന്നാല്‍ അവിടെ നിര്‍ത്താന്‍ പറ്റില്ലെന്നും താമരശ്ശേരി ഡിപ്പോയില്‍ നിര്‍ത്താമെന്നും ബസ് ജീവനക്കാര്‍ പറയുകയായിരുന്നു.
അര കിലോമീറ്റര്‍ മാറി ഡിപ്പോയില്‍ ബസ് നിര്‍ത്തി. പിന്നീട് പഴയ ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് ഡിപ്പോയിലെത്തി പെണ്‍കുട്ടിയെ കൂട്ടുകയായിരുന്നു. തനിച്ചു യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി സമയങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ചട്ടം. ഇത് ലംഘിച്ചതിനെതിരെയാണ് പെണ്‍കുട്ടി കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് പരാതി നല്‍കിയത്.
73 Less than a minute