അജിത രാകേഷ്
നിന്റെ കിനാക്കളിലൊന്നും
നീ നായികയാകുന്നില്ല.
നിനക്ക് ചിന്ത വേണ്ടാത്തതിനാൽ
തലയും തലച്ചോറും വേണ്ട..
തുളുമ്പി പോകരുത് വാക്കുകൾ
നിനയ്ക്കാത്തിടത്തു നോക്കരുത് ..
മേലെയും താഴെയും
ചുറ്റിലും കൊളുത്തിയ
ചങ്ങലയുണ്ട്
കഴുകന്റെ കണ്ണുകളും .
നീ ദേവതയാണ്
അകപൂജ കൊണ്ട്
പ്രീതി പെടേണ്ടവൾ
അടക്കത്തിന്റെയും
ഒതുക്കത്തിന്റെയും
പാഠമാല ഹൃദസ്തമാക്കേണ്ടവൾ!
പത്താണ്ട് പ്രായം വരെ
പൂമ്പാറ്റയാകാം
പിന്നീടെല്ലാം വിലക്കുകൾ
അതിരുകൾ,
മതിലുകൾ…
തണുത്തിരുട്ടിൽ തേങ്ങി കരയാം
അടുക്കള ഒടുങ്ങുന്നേടീ
നിനക്കതു സാമ്രാജ്യം.
സ്വപ്നങ്ങൾ മേയുന്ന.
ശയന മുറി
ഇരുട്ടിനപ്പുറം
പുലരി വിളയുന്ന പാടം
തേരേറിവരും കാമനകൾ..
അപ്പോഴും പാതിരക്കാറ്റിൻ
സങ്കീർത്തനം….
‘യത്ര നാര്യസ്തു പൂജ്യന്തേ…’