സൗദി അറേബ്യൻ ഭരണകൂടത്തിന്റെ മന്ത്രിസഭാ യോഗത്തിൽ ആദ്യമായി വനിതാ സാന്നിധ്യം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് സൗദിയിൽ ചരിത്രമായത്. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നേരത്തെ തന്നെ നിയമിക്കപ്പെട്ട അൽ ഷിഹാന ബിന്ദ് സാലിഹ് അൽഅസാസ് ആണ് ചൊവ്വാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തുകൊണ്ട് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്ന ആദ്യ വനിതയായി ചരിത്രമെഴുതിയത്.
ഇക്കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു അഭിഭാഷകയായ അൽഷിഹാന ബിന്ദ് സാലിഹ് അൽഅസാസിനെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി മുഹമ്മദ് ബിൻ സൽമാൻ നിയമിച്ചത്. സൗദിയിലെ റിയാദിൽ ജനിച്ച അൽ ഷിഹാന ബ്രിട്ടനിലാണ് തന്റെ നിയമപഠനം പൂർത്തിയാക്കിയത്. 2008ൽ നിയമബിരുദം നേടിയ ഇവർ ദുബായ്, കുവൈത്ത്, അമേരിക്ക, സ്വിറ്റ്സർലാൻഡ്, ഇറ്റലി എന്നിവിടങ്ങളിലായി അഭിഭാഷകയായി പ്രായോഗിക പരിശീലനം നേടി. നിയമപഠനത്തിന്റെ സമയത്ത് ‘യു.എസ് മിഡിൽ ഈസ്റ്റ് പാർട്ണർഷിപ് ഇനീഷ്യേറ്റീവി’ൽ സൗദിയുടെ പ്രതിനിധിയായായും അൽഅസാസ് പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂയോർക്ക് കൗൺസിലിന്റെ അംഗീകാരം നേടിയ ആദ്യത്തെ സൗദി വനിതാ അഭിഭാഷകരിൽ ഒരാൾ കൂടിയാണ് അൽ ഷിഹാന ബിന്ദ് സാലിഹ് അൽഅസാസ്. 2020ൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളിൽ ഒരാളായി അൽഅസാസിനെ ഫോബ്സ് തെരഞ്ഞെടുത്തിരുന്നു. സൗദിയിൽ നിയമം പ്രാക്ടീസ് ചെയ്യാൻ അനുമതി ലഭിച്ച ആദ്യ വനിതകളിലൊരാൾ കൂടിയായ അൽഅസാസ് 2018ൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ജനറൽ കൗൺസലായി പ്രവർത്തിച്ച് വരികയായിരുന്നു.