പെരുവന്താനം: സാഗി പഞ്ചായത്തായ പെരുവന്താനം കൗമാരക്കാര്‍ക്കായി മെന്‍സ്ട്രല്‍ ഹൈജീനുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര സംസ്ഥാന പോളിസികളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ ബോധവല്‍ക്കരണത്തിന് ഒരുങ്ങുകയാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. അതിന്റെ ഭാഗമായി പഞ്ചായത്തിലെ സ്കൂളുകള്‍ കേന്ദ്രീകരച്ച് നടക്കുന്ന ബോധവല്കരണ ക്ലാസുകള്‍ക്ക് കണയങ്കവയല്‍ ഗവണ്മെന്റ് ഹൈ സ്കൂളില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചു. ഞആടഗ നഴ്സ് സില്‍വി ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
ആര്‍ത്തവ ശുചിത്വം പാലിക്കുക എന്ന ആഹ്വാനത്തിനപ്പുറം വ്യക്തമായ ശാസ്ത്രീയ അടിത്തറയോടെ വിവരങ്ങള്‍ കൗമാരക്കാരിലേയ്ക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്. ആണ്, പെണ് ശരീരങ്ങളെപ്പറ്റിയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും കൗമാരക്കാര്‍ അറിയാന്‍ ശ്രമിക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ പലപ്പോഴും ലഭിക്കാറില്ല. വ്യക്തമായ ഉത്തരങ്ങള്‍ ലഭിക്കാതെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലൂടെ കൗമാരം കടന്നുപോകരുത് എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്.
ആര്‍ത്തവ സംബന്ധമായി ഉണ്ടാകുന്ന ശാരീരിക വ്യത്യാസങ്ങള്‍ മനസിലാക്കാനും സംശയ ദൂരീകരണത്തിനും ഉള്ള വേദികള്‍ ആയി ഈ ക്ലാസ്സുകള്‍ ഗുണം ചെയ്യും എന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി പറഞ്ഞു. സ്കൂള്‍ അധ്യാപകര്‍, സാഗി കോഡിനേറ്റര്‍ സൂഹൈല്, യൂത്ത് കോര്‍ഡിനേറ്റര്‍ മനു, വ്യാവസായിക വകുപ്പ് ഇന്റേണ്‍ ജോജി എന്നിവര്‍ നേതൃത്വം നല്കി.