KERALABREAKING NEWSLATEST

പെൺകുട്ടിക്ക് ലജ്ജ ഉണ്ടാവുമോ എന്ന് വിചാരിച്ചാണ് മാറ്റിനിർത്തിയത്; പെൺകുട്ടിയെ അപമാനിച്ച സംഭവത്തെ ന്യായീകരിച്ച് സമസ്ത

പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി സമസ്ത. പെൺകുട്ടിക്ക് വിഷമം തോന്നാതിരിക്കാൻ വേണ്ടിയാണ് മാറ്റിനിർത്തിയതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പെൺകുട്ടിക്കോ ബന്ധുക്കൾക്ക് സംഭവത്തിൽ പരാതിയില്ലെന്നും ജിഫ്രിക്കോയ തങ്ങൾ പറഞ്ഞു. പെൺകുട്ടിക്ക് ലജ്ജ ഉണ്ടാവുമോ എന്ന് വിചാരിച്ചാണ് മാറ്റിയതെന്നും പത്രസമ്മേളനത്തിൽ ജിഫ്രിക്കോയ തങ്ങൾ പറഞ്ഞു. സമസ്ത നേതാവ് എം.ടി. അബ്ദുല്ല മുസ്ലിയാരാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വേദിയിൽ നിന്നും ഇറക്കിവിട്ടത്.

മദ്റസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. ‘ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ് ലിയാർ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിമർശനങ്ങളും ശക്തമായിരുന്നു.

മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകൾ

വേദിയിലേക്ക് വരുമ്പോൾ സ്ത്രീകൾക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാകുമല്ലോ. അങ്ങനെയാണ് ഞങ്ങൾ മനസിലാക്കുന്നത്. ആ ഒരു ലജ്ജ കുട്ടിക്ക് ഉണ്ടായെന്ന് മനസിലായി. ഇനി മറ്റുള്ള കുട്ടികളേയും ഇവിടേക്ക് വിളിച്ചു വരുത്തിയാൽ അവർക്ക് സന്തോഷത്തിലേറെ പ്രയാസം വരുമോ എന്ന് മനസ്സിലാക്കിയിട്ടാണ്, അദ്ദേഹത്തിന് ആധികാരികമായി പറയാൻ പറ്റിയ ഒരാളോട് ഇനി വിളിക്കാൻ പാടില്ല എന്ന് പറഞ്ഞത്. അല്ലാതെ കുട്ടികളെ അപമാനിക്കാൻ വേണ്ടിയല്ല. കുട്ടിക്ക് വിഷമം ഇല്ലാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹം പറഞ്ഞത്. പിന്നെ അദ്ദേഹത്തിൻറെ സംസാര ശൈലി അങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം.

സമസ്ത കേരള ജംഇയ്യതുൽ ഉലമ ഒരു വലിയ പ്രസ്ഥാനമാണ്. നാട്ടിലെ സ്ത്രീകൾക്കോ മറ്റേതെങ്കിലും ജനങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള അപമാനമുണ്ടാക്കുന്ന ഒരു സംഘടനയല്ല. ചരിത്രം പരിശോധിച്ചാൽ തീവ്ര ആശയങ്ങൾക്കോ വർഗീയ ആശയങ്ങൾക്കോ ഞങ്ങൾ ഒരിക്കലും പിന്തുണ കൊടുക്കാറില്ല. ഈ രാജ്യത്തിൻറെ എല്ലാ നന്മയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണിത്.

സമസ്ത എന്തോ ഭീകര പ്രവർത്തനം നടത്തി, സമസ്തയുടെ ഉന്നത നേതാവ് മോശമായ നിലക്ക് സംസാരിച്ചു എന്നുള്ള നിലക്കാണ് വാർത്തകൾ വന്നത്. എം.ടി. അബ്ദുല്ല മുസ്ലിയാർക്ക് ആധികാരികമായി പറയാൻ പറ്റുന്നയാളോടായതിനാലാണ് അത്തരമൊരു ശൈലിയിൽ പറഞ്ഞത്. ഈ കുട്ടിക്കോ കുടുംബത്തിനോ നാട്ടുകാർക്കോ അങ്ങനെയൊരു പരാതിയില്ല.

വേദിയിലെത്താൻ കുട്ടിക്ക് മാനസികമായി പ്രയാസമുണ്ടോയെന്ന് തനിക്ക് തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ലജ്ജയോടുകൂടി മറ്റ് കുട്ടികളെയും വിളിക്കപ്പെട്ടാൽ അവർക്കും പ്രയാസമുണ്ടാകും. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിൻറെ പശ്ചാത്തലത്തിൽ സമസ്തക്കെതിരെ പറയാൻ പറ്റുന്നതെല്ലാം പറഞ്ഞു. ഞങ്ങൾ അതെല്ലാം ക്ഷമിച്ചിരുന്നു. വിഷയത്തിൻറെ യാഥാർഥ്യം മനസ്സിലാക്കിത്തരാനാണ് ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നത്’ -മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

പെൺകുട്ടികളുടെ പുരോഗതിക്ക് വേണ്ടി അങ്ങേയറ്റം പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്തയെന്ന് എം.ടി. അബ്ദുല്ല മുസ്ലിയാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കൂടുതൽ സ്ഥാപനങ്ങൾ സമസ്ത തുടങ്ങിക്കൊണ്ടിരിക്കുകയാണ്. പലർക്കും എതിർപ്പുണ്ടായിട്ടും പെൺകുട്ടികൾക്കായി സ്ഥാപനങ്ങൾ തുറന്നു. സമസ്ത ഒരു മതസംഘടനയാണ്. പണ്ഡിതസഭയാണ്. ശരീഅത്തിന് വിരുദ്ധമല്ലാത്ത നിലക്ക് നിയമപരമായ, സമാധാനപരമായ പ്രവർത്തനങ്ങളാണ് അത് ലക്ഷ്യംവെക്കുന്നത്.

Inline

പെൺകുട്ടിയെ അപമാനിക്കുന്ന ഒന്നും ആ വേദിയിൽ ഉണ്ടായിട്ടില്ല. കുട്ടി വേദിയിൽ കയറി സമ്മാനം വാങ്ങി സന്തോഷകരമായി ഇറങ്ങിപ്പോയി. പ്രായമായ പെൺകുട്ടികളെ പൊതുവേദിയിൽ കയറ്റിയിട്ടുള്ള പരിപാടികൾ ഒഴിവാക്കുന്നതിലൂടെ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. അതിൻറെ അടിസ്ഥാനത്തിൽ സമസ്തയുടെ നിലപാട് അങ്ങനെയാണ്. അതിനെതിരായ ഒരു രീതി അവിടെ ഉണ്ടായപ്പോഴാണ് സമസ്തയുടെ പ്രവർത്തകരോട് നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചത് -എം.ടി. അബ്ദുല്ല മുസ്ലിയാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker