BREAKINGKERALA

പേര് പറഞ്ഞിട്ടും കാര്യമില്ലേ! രഞ്ജിത്തിനെ സംരക്ഷിച്ച് സര്‍ക്കാര്‍, രാജി സമ്മര്‍ദ്ദം ഉയര്‍ത്തി ഇടതുകേന്ദ്രങ്ങളും

തിരുവനന്തപുരം : ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സര്‍ക്കാര്‍ സംരക്ഷിക്കുമ്പോഴും രാജിക്കായി കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തി പ്രതിപക്ഷത്തിനൊപ്പം ഇടതുകേന്ദ്രങ്ങളും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും എഐവൈഎഫും ആവശ്യപ്പെട്ടു.
ബംഗാളി നടിയുടെ ആരോപണം കേരളത്തിനാകെ അവമതിപ്പുണ്ടാക്കുന്നതാണെന്ന നിലപാടിലാണ് ആനി രാജ. സംസ്ഥാനത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് എഐവൈഎഫ് ചൂണ്ടിക്കാട്ടി. രഞ്ജിത്ത് സ്വയം ഒഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലും രഞ്ജിത്തിനെതിരെ എതിര്‍ശബ്ദം ഉയരുന്നു. ആരോപണം ഗൗരവമുള്ളതാണെന്ന നിലപാടാണ് ചലച്ചിത്ര അക്കാദമിയിലെ അംഗങ്ങളായ മനോജ് കാനയും എന്‍ അരുണും പങ്കുവച്ചത്.
എന്നാല്‍ ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് പൂര്‍ണ്ണസംരക്ഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ബംഗാളി നടി പരാതി നല്‍കിയാല്‍ മാത്രം നടപടിയെന്നാണ് സാംസ്‌ക്കാരിക മന്ത്രിയുടെ നിലപാട്. രഞ്ജിത് ഇന്ത്യ കണ്ട പ്രഗല്ഭനായ സംവിധായകനെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്ന ശേഷം ഇട്ട ഫേസ് ബുക്ക് പോസ്റ്റിലും പറയുന്നത് ആരോപണം തെളിഞ്ഞാല്‍ മാത്രം നടപടിയെന്നാണ്. നേരത്തെയും രഞ്ജിത്തിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയാണ് പരിപൂര്‍ണ്ണ സംരക്ഷണം നല്‍കിയത്. ലൈംഗിക ആരോപണം കടുക്കുമ്പോഴും ആ പിന്തുണ തുടരുകയാണ്. ആരോപണം അടിസ്ഥാന രഹിതമാണെന്ന രഞ്ജിത്തിന്റെ വിശദീകരണത്തിനൊപ്പമാണ് സര്‍ക്കാറും സിപിഎമ്മും.
ബംഗാളി നടി ശ്രീലേഖാ മിത്ര ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ശ്രീലേഖക്കുണ്ടായ അനുഭവം ശരിയാണെന്ന് സംവിധായകന്‍ ജോഷി ജോസഫും ശരിവെച്ചിരുന്നു. ഇനി ആരോപണം തെളിയിക്കേണ്ട ബാധ്യത ഇരക്കാണോ എന്ന ചോദ്യമാണ് ഉയര്‍ന്ന് നില്‍ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടിയിലെന്ന പോലെ രഞ്ജിത്തിനെതിരാ.യ ആരോപണത്തിലും പറച്ചിലില്‍ മാത്രം ‘ഇരക്കൊപ്പം’ സ്വീകരിക്കുകയാണ് സര്‍ക്കാര്‍.

Related Articles

Back to top button