വ്യത്യസ്ഥ കാരണങ്ങളാലാണ് പലരും ജോലിയില്‍നിന്ന് അവധിയെടുക്കാറ്. മിക്കവരേയും അവധിയിലേക്ക് നയിക്കുന്നത് ആരോഗ്യപ്രശ്നങ്ങളാണ്. തക്കതായ കാരണം ഉണ്ടെങ്കില്‍ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ യാതൊരു മടിയും കാണിക്കാറില്ല. എന്നാല്‍ മറ്റുചില സ്ഥാപനങ്ങളില്‍ അത് അത്ര എളുപ്പമായിരിക്കില്ല. അത്തരത്തിലുള്ള ഒരു അവധി അപേക്ഷയുമായി ബന്ധപ്പെട്ട സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പൈല്‍സ് ഉള്ളതിനാല്‍ അവധി ആവശ്യപ്പെട്ട് സന്ദേശമയച്ച ജീവനക്കാരനോട് തെളിവ് ചോദിച്ച മാനേജര്‍ക്ക് ലഭിച്ച മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിലടക്കം നിറയുന്നത്. രോഗത്തിന്റെ തെളിവ് ആവശ്യപ്പെട്ട മാനേജര്‍ക്ക് സ്വന്തം നിതംബത്തിന്റെ ചിത്രം അയച്ചു കൊടുക്കുകയാണ് ജീവനക്കാരന്‍ ചെയ്തത്. ജോലി സംബന്ധമായ ചര്‍ച്ചകള്‍ക്കുള്ള ഓണ്‍ലൈന്‍ ഫോറമായ റെഡ്ഡിറ്റിലൂടെ ജീവനക്കാരന്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
‘എനിക്ക് ഹെമറോയ്ഡ് (മൂലക്കുരു) ഉള്ളതിനാല്‍ ജോലിക്ക് വരാന്‍ ബുദ്ധിമുട്ടുള്ളതായി മാനേജരെ വിളിച്ചു പറഞ്ഞു. അപ്പോള്‍ അദ്ദേഹം അതിന് തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഞാന്‍ ഹെമറോയ്ഡ് വ്യക്തമാകുന്ന തരത്തില്‍ എന്റെ നിതംബത്തിന്റെ ചിത്രം മാനേജര്‍ക്ക് അയച്ചുകൊടുത്തത്. ഇത്തരം ചിത്രം അയച്ചുകൊടുക്കുന്നത് ഏതെങ്കിലും കമ്പനിയുടെ നിയമങ്ങളുടെ ലംഘനമാകുമോ എന്നതില്‍ എനിക്ക് വ്യക്തതയില്ല’ ജീവനക്കാരന്‍ പറഞ്ഞു.
നിരവധി റെഡ്ഡിറ്റ് അംഗങ്ങളാണ് പോസ്റ്റിനുതാഴെ പ്രതികരണങ്ങളുമായി എത്തിയത്. ശക്തമായ നീക്കം എന്നായിരുന്നു ഒരു കമന്റ്. തെളിവ് എന്നാല്‍ ഡോക്ടറുടെ കുറിപ്പ് എന്ന് മാനേജര്‍ വ്യക്തമായി പറയേണ്ടിയിരുന്നു എന്നാണ് ഇയാളുടെതന്നെ പ്രതികരണം. തമാശയാണെങ്കില്‍ പോലും ഇതിന്റെ ഫലം ജീവനക്കാരന് ഗുണകരമായിരിക്കില്ല എന്നും ഇയാള്‍ വ്യക്തമാക്കുന്നു.
മറ്റു ചിലര്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും പങ്കുവെച്ചു. ഒരിക്കല്‍ ഛര്‍ദിയായതിനാല്‍ അവധിയാണെന്ന് മേലുദ്യോഗസ്ഥനെ വിളിച്ചറിയിച്ചു. എന്നാല്‍ തന്നെ വിശ്വാസമില്ലാഞ്ഞ അദ്ദേഹം നിരന്തരം ഫോണ്‍വിളിക്കാനും സന്ദേശം അയയ്ക്കാനും തുടങ്ങി. തുടര്‍ന്ന് ശുചിമുറിയിലെ ബാത്ത്ടബ്ബിലെ ഛര്‍ദിലിനു മുന്നില്‍ ഷര്‍ട്ട് ഇടാതെ നില്‍ക്കുന്ന ചിത്രം അദ്ദേഹത്തിന് അയച്ചുകൊടുത്തു. നിങ്ങള്‍ എന്റെ ടോയ്ലെറ്റ് കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം ചേര്‍ത്തുവെന്നും മറ്റൊരാള്‍ വ്യക്തമാക്കി.
67 1 minute read