BREAKING NEWSKERALALATEST

‘പൊട്ടല്‍ ഇല്ലാത്ത കൈയ്ക്കു പ്ലാസ്റ്റര്‍ ഇടുന്ന സ്ഥലമാണോ ജനറല്‍ ആശുപത്രി?; രമയുടെ മേല്‍ ഒരാളും കുതിര കയറേണ്ട’

കൊച്ചി: നിയമസഭയിലെ സ്തംഭനം അവസാനിപ്പിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍നിന്ന് പിന്നോട്ടു പോവില്ലെന്നും സതീശന്‍ പറഞ്ഞു.

രണ്ടു കാര്യങ്ങളാണ് പ്രധാനമായും പ്രതിപക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. ഒന്ന് പ്രതിപക്ഷത്തിന്റെ അവകാശമായ റൂള്‍ 50 ആണ്. അതനുസരിച്ച് നോട്ടീസ് അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല. അങ്ങനെയാണെങ്കില്‍ പിന്നെ പ്രതിപക്ഷം സഭയില്‍ പോയിട്ടു കാര്യമില്ലെന്ന് സതീശന്‍ പറഞ്ഞു. രണ്ടാമത്തേത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ എടുത്ത ജാമ്യമില്ലാ കേസാണ്. ഇതു പിന്‍വലിക്കണം. ഇവിടെ വാദി പ്രതിയാവുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമസഭ ചേരണം എന്നു തന്നെയാണ് പ്രതിപക്ഷ നിലപാട്. അങ്ങനെയാണെങ്കിലേ സര്‍ക്കാരിനെ ജനകീയ വിചാരണയ്ക്കു വിധേയമാക്കാന്‍ അവസരം കിട്ടൂ. അതുകൊണ്ട് ഏതു ചര്‍ച്ചയ്ക്കും എപ്പോഴും തയാറാണ്. സര്‍ക്കാരാണ് അതിനു മുന്‍കൈ എടുക്കേണ്ടത്.

ടിപി ചന്ദ്രശേഖരെ 52 വെട്ടു വെട്ടി കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ കെകെ രമയുടെ നേരെ ആക്രോശവുമായി വരികയാണ്. സോഷ്യല്‍ മീഡിയയില്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ആക്ഷേപം നടക്കുന്നത്. ഞങ്ങളെല്ലാം ഉള്ളപ്പോഴാണ് അവര്‍ പ്ലാസ്റ്റര്‍ ഇട്ടത്. സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ സ്വാധീനിച്ചല്ല, സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്ലാസ്റ്റര്‍ ഇട്ടത്. കൈയ്ക്ക് ഒന്നും പറ്റാത്തവര്‍ക്ക് പ്ലാസ്റ്റര്‍ ഇട്ടുകൊടുക്കുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയെങ്കില്‍ അതിന് ഉത്തരം പറയേണ്ടത് ആരോഗ്യമന്ത്രിയാണ്.

കെകെ രമയെ വീണ്ടും അപമാനിക്കുകയാണ്. അവരെ അധിക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും സിപിഎം കളയില്ലെന്ന് സതീശന്‍ പറഞ്ഞു. നേരത്തെ എംഎം മണി അവരെ ആക്ഷേപിച്ചു, പിന്നീട് മാപ്പു പറഞ്ഞു പിന്‍വാങ്ങി. ഇപ്പോള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അധിക്ഷേപം. രമയെ യുഡിഎഫ് സംരക്ഷിക്കും. അവര്‍ക്കു ചുറ്റം സംരക്ഷണ വലയം തീര്‍ത്തു ചേര്‍ത്തു നിര്‍ത്തും. ഒരാളും അവരുടെ മേല്‍ കുതിര കയറാന്‍ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിധവയായ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നത് കേരളം കണ്ടുകൊണ്ടു നില്‍ക്കുകയാണ്. അതു മറക്കേണ്ട.

ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷനു പിഴ ചുമത്തിയ ഗ്രീന്‍ ട്രൈബ്യൂണല്‍ നടപടി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് സതീശന്‍ പറഞ്ഞു. ഈ പിഴത്തുക നികുതിപ്പണത്തില്‍നിന്ന് അടയ്ക്കാന്‍ അനുവദിക്കില്ല. ജനങ്ങളല്ല തീപിടിത്തത്തിനും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കും കാരണം. തുക ഇതിന് ഉത്തരവാദികള്‍ ആരാണോ അവരില്‍നിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker