കൈക്കൂലി അടക്കമുള്ള തെറ്റായ പ്രവണതകള്‍ കുറഞ്ഞുവെന്ന് വിശദമാക്കുന്ന സംഭാഷണത്തിനി ഇടയില്‍ സദസിലെ ആളുകളില്‍ നിന്നുള്ള പ്രതികരണത്തില്‍ സ്തബ്ധനായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. അധ്യാപകരെ അഭിനന്ദിച്ചുകൊണ്ട് ജയ്പൂരില്‍ നടന്ന പരിപാടിയിലാണ് ഗെലോട്ടിനെ പ്രഭാഷണ മധ്യേ നിശബ്ദനാകേണ്ട അവസ്ഥ നേരിട്ടത്. സംസ്ഥാനത്ത് അഴിമതി കുറഞ്ഞുവെന്നും കൈക്കൂലി കുറഞ്ഞുവെന്നുമുളള സംസാരിക്കുന്നതിനിടയിലായിരുന്നു സംഭവം.
ഇപ്പോഴും നിങ്ങള്‍ക്ക് സ്ഥലം മാറ്റം ലഭിക്കാനായി പണം നല്‍കേണ്ടി വരാറുണ്ടോയെന്ന മുഖ്യമന്ത്രി സദസിനോട് ചോദിച്ചു. സദസിലുണ്ടായിരുന്ന അധ്യാപകരുടെ മറുപടി കേട്ടതോടെയാണ് മുഖ്യമന്ത്രിക്ക് വാക്കുകള്‍ തപ്പിതടഞ്ഞത്. ഇപ്പോഴും കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്നായിരുന്നു സദസിലെ അധ്യാപകരുടെ പ്രതികരണം. മറുപടിയില്‍ ഒരു നിമിഷം നിശബ്ദനായ അശോക് ഗെലോട്ട് സമനില വീണ്ടെടുത്ത് അത് ദൗര്‍ഭാഗ്യകരമായ സംഗതിയാണെന്ന് വിലയിരുത്തുകയായിരുന്നു.
ഇതിന് പിന്നാലെ ട്രാന്‍സ്ഫര്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേക നയം കൊണ്ടുവരുമെന്ന അറിയിച്ചാണ് ഗെലോട്ട് പ്രഭാഷണം അവസാനിപ്പിച്ചത്. കൈക്കൂലി നല്‍കേണ്ടി വരുമെന്ന സദസിന്റെ ഒറ്റക്കെട്ടായ മറുപടിയില്‍ രാജസ്ഥാന് മുഖ്യമന്ത്രി പതറുന്നത് ദൃശ്യങ്ങളിലും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ഡോട്ട്സ്ര വേദിയിലെത്തി കൈക്കൂലിക്കെതിരായ നയം കൊണ്ടുവരുമെന്ന് വിശദമാക്കുകയായിരുന്നു.
കൈക്കൂലി നല്‍കേണ്ടി വരുന്ന രീതിക്ക് ഈ നയത്തോടെ അവസാനമാകുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ 626 സ്കൂളുകളിലെ 60000 വ്യത്യസ്ത തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ?ഗെലോട്ട് വിശദമാക്കിയിട്ട് ഏറെ നാളുകള്‍ പിന്നിടുന്നതിന് മുന്‍പാണ് വകുപ്പിലെ കൈക്കൂലി പരസ്യമായി പുറത്തുവരുന്നത്. 2018 ലെ ലക്ചറര്‍ റിക്രൂട്ട്മെന്റ് നടപടികള്‍ എത്രയും വേ?ഗം പൂര്‍ത്തിയാക്കാനും 193 തസ്തികകളിലേക്കും 2016ലെ സീനിയര്‍ ടീച്ചേഴ്സ് തസ്തികകളിലേക്കുമുളള 444 ഒഴിവുകളുടെ പട്ടിക പുറത്തിറക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തികളെ ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അശോക് ഗെലോട്ടിന് ലഭിച്ച എതിര് പ്രതികരണം ആഘോഷമാക്കുകയാണ് പ്രതിപക്ഷം.