BREAKING NEWSLATESTNATIONAL

പൊതു അവധിയുടെ പ്രഖ്യാപനം നയപരമായ വിഷയം; ആരുടേയും നിയമപരമായ അവകാശമല്ല: ബോംബെ ഹൈക്കോടതി

മുംബൈ: പൊതു അവധിക്ക് ആര്‍ക്കും നിയമപരമായ അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നഗര്‍ ഹവേലിയ്ക്ക് പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ദിനമായ ആഗസ്റ്റ് 2 പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്ററോട് നിര്‍ദ്ദേശിക്കാന്‍ വിസമ്മതിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
സില്‍വാസ സ്വദേശിയായ കിഷ്ണാഭായ് ഗുട്ടിയ, ആദിവാസി പ്രതിനിധിയായ നവജീവന്‍ ജംഗല്‍ ആന്ദോളന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, മാധവ് ജംദാര്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രസ്തുത പരാമര്‍ശം നടത്തിയത്. ഒരു പൊതു അവധിക്കുള്ള നിങ്ങളുടെ നിയമപരമായ അവകാശം എന്താണെന്ന് ഹര്‍ജിക്കാരോട് ബെഞ്ച് ചോദിച്ചു. ദാദ്ര, നഗര്‍ ഹവേലിയുടെ സ്വാതന്ത്ര്യദിനം എന്ന നിലയില്‍ ആഗസ്റ്റ് 2നെ 2022ലെ പൊതു അവധികളില്‍ ഉള്‍പ്പെടുത്താതിരുന്ന, 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ വിജ്ഞാപനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ഹര്‍ജി.
1954 ഓഗസ്റ്റ് 2 മുതല്‍ 2020 ഓഗസ്റ്റ് 2 വരെ ദാദ്ര, നഗര്‍ ഹവേലിയില്‍ ഓഗസ്റ്റ് 2 പൊതു അവധിയായി കണക്കാക്കിയിരുന്നെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 2022ലെ കലണ്ടറില്‍ ഓഗസ്റ്റ് 2 പൊതു അവധിയായി ഉള്‍പ്പെടുത്തിയിട്ടില്ല. അതിന് ന്യായീകരണമൊന്നും വിജ്ഞാപനം നല്‍കുന്നുമില്ല. ഇന്ത്യയില്‍ ഓഗസ്റ്റ് 15ും ജനുവരി 26ും പൊതു അവധികളായി സര്‍ക്കാരിന് പ്രഖ്യാപിക്കാമെങ്കില്‍ ദാദ്ര, നഗര്‍ ഹവേലിയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 2 എന്തുകൊണ്ട് പൊതു അവധിയായി ആഘോഷിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.
ദുഃഖവെള്ളി പൊതു അവധിയായി പ്രഖ്യാപിക്കാന്‍ ദാദ്ര, നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്ററോട് നിര്‍ദേശിച്ച 2019 ഏപ്രില്‍ 15ലെ ഹൈക്കോടതി ഉത്തരവിനെ പരാമര്‍ശിച്ചുകൊണ്ടാണ് ഗുട്ടിയയുടെ അഭിഭാഷകന്‍ ഭാവേഷ് പര്‍മര്‍ വാദിച്ചത്. ദുഃഖവെള്ളി പൊതു അവധിയായി പ്രഖ്യാപിക്കാമെങ്കില്‍ എന്തുകൊണ്ട് ദാദ്ര, നഗര്‍ ഹവേലിയുടെ സ്വാതന്ത്ര്യ ദിനം പൊതു അവധിയായി പ്രഖ്യാപിച്ചുകൂടാ എന്നും പാര്‍മര്‍ ചോദിച്ചു.
2019 ഏപ്രിലിലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലം വ്യത്യസ്തമാണെന്ന് ജഡ്ജിമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ആഗസ്റ്റ് 2 പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ റിട്ട് ഹര്‍ജിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലാണ് ദുഃഖവെള്ളി പൊതു അവധി ആക്കാനുള്ള ഹൈക്കോടതി ഉത്തരവുണ്ടായതെന്ന് ജഡ്ജിമാര്‍ വിശദീകരിച്ചു. അന്ന് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി ഗസറ്റിലെ പിഴവ് ചൂണ്ടിക്കാണിക്കുന്നതായിരുന്നുവെന്നും ബെഞ്ച് പറഞ്ഞു.
പൊതു അവധി ആരുടേയും മൗലികാവകാശമല്ലെന്നും നിരവധി പൊതു അവധികള്‍ നിലവിലുള്ള സാഹചര്യത്തില്‍ അവ കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2020ന് ശേഷം ആഗസ്ത് 2നുണ്ടായിരുന്ന പൊതു അവധി നിര്‍ത്തലാക്കിയതായി ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട്, പൊതു അവധിയുടെ പ്രഖ്യാപനം നയപരമായ പ്രശ്‌നമാണെന്നും അത് നിയമപരമായി നടപ്പാക്കാന്‍ കഴിയില്ലെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker