BREAKING NEWSLIFE STYLEWORLD

പൊന്നിന്‍ വിലയുള്ള ഫ്രഞ്ച് ഫ്രൈസ് എവിടെ കിട്ടും… അമേരിക്കയിലെ മാന്‍ഹട്ടന്‍ വരെ പോകണം

ഒരു പരിധി വരെ മലയാളികള്‍ക്ക് പൊറോട്ട ‘ദേശീയ ഭക്ഷണം’ എന്നതുപോലെ ലോകമെമ്പാടുമുള്ള സ്ട്രീറ്റ് ഫുഡ് ആരാധകരുടെ ഇഷ്ട വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. ബര്‍ഗറിന്റെയും, സാന്‍വിച്ചിന്റെയും കൂടെ എന്ന് മാത്രമല്ല നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായ ഷവര്‍മയില്‍ പോലും ഫ്രഞ്ച് ഫ്രൈസ് ഇടം പിടിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങും അല്പം ഉപ്പും എണ്ണയുമുണ്ടെങ്കില്‍ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കാം. ചേരുവകള്‍ കുറവായതുകൊണ്ട് വിലയും കുറവ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് എവിടെ കിട്ടും? എത്രയാണ് വില എന്നറിയാമോ?
അമേരിക്കയിലേ മാന്‍ഹട്ടനില്‍ പ്രവര്‍ത്തിക്കുന്ന സെറെന്‍ഡിപിറ്റി 3 എന്ന് പേരുള്ള ഭക്ഷണശാലയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഫ്രഞ്ച് ഫ്രൈസ് നിര്‍മ്മിച്ച് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചത്. ഈ മാസം മാസം പതിമൂന്നിന് അമേരിക്കയില്‍ ആഘോഷിക്കുന്ന ഫ്രഞ്ച് ഫ്രൈസ് ദിനത്തിലാണ് സെറെന്‍ഡിപിറ്റി 3 ഹോട്ടല്‍ ഈ നേട്ടത്തിന് അര്‍ഹത നേടിയത്. സെറെന്‍ഡിപിറ്റി 3യുടെ ക്രിയേറ്റീവ് ഷെഫ് ജോ കാല്‍ഡെറോണ്‍, കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ഷെഫ് ഫ്രെഡ്രിക് ഷോന്‍കിവേര്‍ട്ട് എന്നിവരാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസിന് പിന്നില്‍. 200 യുഎസ് ഡോളര്‍ വിലയുള്ള ഈ വിഭവത്തില്‍ ഡോം പെരിഗണ്‍ ഷാംപെയ്ന്‍, ഫ്രാന്‍സില്‍ നിന്നുള്ള ഗൂസ് കൊഴുപ്പ്, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ന്‍ അര്‍ഡെന്‍ വിനാഗര്‍ എന്നിവ ചേര്‍ത്തിട്ടുണ്ട്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വിവരിക്കുന്നതനുസരിച്ച് ചിപ്പര്‍ബെക്ക് ഉരുളക്കിഴങ്ങ്, ഫ്രാന്‍സില്‍ നിന്നുള്ള ശുദ്ധമായ ഗൂസ് കൊഴുപ്പ്, ഗ്വാറാന്‍ഡെ ട്രഫില്‍ സാള്‍ട്ട്, ട്രഫില്‍ ഓയില്‍, ക്രീറ്റ് സെനെസി പെക്കോറിനോ ടാര്‍ട്ടുഫെല്ലോ ചീസ്, ഇറ്റലിയില്‍ നിന്നുള്ള കറുത്ത സമ്മര്‍ ട്രൂഫുകള്‍ ഷാംപെയ്ന്‍, ട്രഫില്‍ ബട്ടര്‍, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ന്‍ അര്‍ഡെന്‍ വിനാഗിരി, ജേഴ്‌സി പശുക്കളില്‍ നിന്നുള്ള ഓര്‍ഗാനിക് അ2 100% ഗ്രാസ് ഫെഡ് ക്രീം എന്നിവ സെറെന്‍ഡിപിറ്റി 3 ഹോട്ടലിന്റെ ഫ്രഞ്ച് ഫ്രൈസിലുണ്ട്. കഴിഞ്ഞില്ല, 3 മാസം പഴക്കമുള്ള ഗ്രുയേര്‍ ട്രഫില്‍ഡ് സ്വിസ് റാക്കലെറ്റ്, 23 ക്യാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണത്തിന്റെ പൊടി എന്നിവ ചേര്‍ത്താണ് വിഭവം അലങ്കരിച്ചിരിക്കുന്നത്.
ഡോം പെരിഗണ്‍ ഷാംപെയ്ന്‍, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ന്‍ അര്‍ഡെന്‍ വിനാഗര്‍ എന്നിവയില്‍ ഉരുളക്കിഴങ്ങ് കുതിര്‍ത്താണ് വിഭവം തയ്യാറാക്കുന്നത്. ഇത് ഫ്രഞ്ച് ഫ്രൈസിന് മധുരവും അസിഡിറ്റിയും നല്‍കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker