ആലപ്പുഴ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സുഭാഷ് ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്.സംഭവബഹുലമായ 31 വര്‍ഷത്തെ സര്‍വീസ് ജീവിതത്തിനാണ് ഇന്ന് തിരശീല വീഴുന്നത്.കാപട്യങ്ങള്‍ ഇല്ലാതെ അധികാരസിരാകേന്ദ്രങ്ങളുടെ പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ, അവര്‍ക്ക് മുന്പില് മുട്ടിടിക്കാതെ, തലഉയര്‍ത്തി നേരോടെ നിര്‍ഭയം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്.വാക്കുകളുടെ വര്‍ണ്ണനകളില്‍ ഒതുങ്ങുന്നതല്ല കെ.സുഭാഷ് എന്ന പോലീസുകാരന്റെ ഔദ്യോഗിക ജീവിതം.ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയുടെ കൈകളില്‍ വിലങ്ങണിയിച്ച്, കേസ് സത്യസന്ധമായി അന്വേഷിച്ച് നീതിയുക്തമായ നടപടികള്‍ സ്വീകരിച്ചതിലൂടെ പൊതു സമൂഹത്തില്‍ ഇദ്ദേഹത്തിന് വലിയ സ്വീകാര്യത നേടാനായി.
ചേര്‍ത്തല അരീപ്പറമ്പ് സ്വദേശിയായ കെ.സുഭാഷ് 1990ലാണ് പോലീസില്‍ എത്തുന്നത്. 1993ല്‍ സെയില്‍ ടാക്സ് വകുപ്പില്‍ നിയമനം ലഭിച്ചുവെങ്കിലും 1998ല്‍ എസ്.ഐ റാങ്കോടെ പോലീസ് വകുപ്പില്‍ തിരിച്ചെത്തി. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍, മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഔദ്യോഗിക ജീവിതം കഴിഞ്ഞാല്‍ കവി, ഗാനരചയിതാവ് എന്നീ നിലകളിലാണ് അദ്ദേഹം കൂടുതലും ശ്രദ്ധേയനാകുന്നത്. കാക്കിക്കുള്ളിലെ കവി ഹ്യദയങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും കേരള പോലീസിലെ പലകാര്യങ്ങള്‍ക്കും നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ കെ.സുഭാഷിനായി.കേരള പോലീസ് ശബരിമലയില്‍ നടത്തുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ആമുഖ ഗാനം രചിച്ചത് ഡി.വൈ.എസ്.പി സുഭാഷായിരുന്നു.സുഭാഷ് ചേര്‍ത്തല എന്ന പേരില്‍ നിരവധി കവിതകളും നാടകങ്ങളും എട്ട് സിനിമകള്‍ക്ക് ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്.വൈക്കം വാസുദേവന്‍ നായര്‍ സ്മരക പുരസ്കാരം ലഭിച്ചട്ടുണ്ട്.അധ്യാപികയായ ശ്രീലേഖയാണ് ഭാര്യ.വിദ്യാര്‍ത്ഥികളായ മന്ദാകിനി, യദു എന്നിവരാണ് മക്കള്‍