തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമഭേദഗതി നടപ്പാക്കൂ. ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പൊലീസ് നിയമഭേദഗതി വിവാദമായ പശ്ചാത്തലത്തില്‍ പുനഃപരിശോധിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു. പൊലീസ് ആക്ടിനെതിരായ ആശങ്കകളും വിമര്‍ശനങ്ങളും എതിര്‍പ്പുകളും പരിഗണിക്കും. ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിവാദമായ പൊലീസ് നിയമഭേദഗതിയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് സര്‍്ക്കാര്‍ പിന്മാറിയത്.