KERALALATEST

പോക്‌സോ കേസ് വിവാദം: സംവാദത്തിന് ക്ഷണിച്ച് കുഴല്‍നാടന്‍, ആ പെങ്ങള്‍ തോറ്റുനില്‍ക്കുന്നതാണ് പ്രശ്‌നമെന്ന് റഹീം

കൊച്ചി: എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ പരസ്യസംവാദത്തിന് ക്ഷണിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മാത്യു കുഴല്‍നാടന്‍ റഹീമിനെ സംവാദത്തിന് ക്ഷണിച്ചിരിക്കുന്നത്. റഹീം തയ്യാറാണെങ്കില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് റഹീം പറയുന്ന വേദിയില്‍ താന്‍ എത്താമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേസമയം, മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മണിക്കൂറുകള്‍ക്കകം മറുപടിയുമായി എ.എ.റഹീമും രംഗത്തെത്തി. ‘എന്ത് പ്രഹസനാ മാത്യു’ എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് റഹീം മറുപടി നല്‍കിയത്.
നമ്മള്‍ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കമല്ല ഇവിടെ പ്രശ്‌നമെന്നും കേരള പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച, മാത്യു കുഴല്‍നാടന്‍ ഒളിപ്പിച്ച പോക്‌സോ കേസ് പ്രതിയെ എപ്പോള്‍ ഹാജരാക്കുമെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ‘ഈ കാര്യത്തില്‍ ഡിവൈഎഫ്‌ഐ ഇതുവരെ ചെയ്തതും പറഞ്ഞതുമെല്ലാം പരസ്യമായി തന്നെയാണ്. രഹസ്യമായി കാര്യങ്ങള്‍ നീക്കാന്‍ നോക്കിയിട്ട് നടക്കാതായപ്പോള്‍ താങ്കള്‍ക്ക് പെട്ടെന്ന് പരസ്യമായി സംവദിക്കണമെന്ന് തോന്നുന്നത് സ്വാഭാവികവുമാണ്. ഒരിക്കല്‍ കൂടി പറയട്ടെ ഞാനുമായി പരസ്യ സംവാദം നടത്തി അങ്ങ് ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യേണ്ട കാര്യമല്ലിത്. നാടിനറിയേണ്ടത്, താങ്കളെന്തിനിത് ചെയ്യുന്നുവെന്നാണ്.നാടിനറിയേണ്ടത്, താങ്കള്‍ പ്രതിയെ ഹാജരാക്കുന്ന സമയമാണ്.
നമ്മള്‍ രണ്ടുപേരിലാരാണ് തോല്‍ക്കുന്നത് എന്നതല്ല കാര്യം, ഇരയായ ആ പെങ്ങളിങ്ങനെ തോറ്റു നില്‍ക്കുന്നുവെന്നതാണ് പ്രശ്‌നം. അവള്‍ ജയിക്കട്ടെ. താങ്കള്‍ ഒളിപ്പിച്ച പ്രതിയെ ഹാജരാക്കൂ.’ റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

DYFI സംസ്ഥാന സെക്രട്ടറി എ എ റഹീമിനോടാണ്..
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവാറ്റുപുഴയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് നിങ്ങള്‍ എനിക്ക് എതിരെയും പാര്‍ട്ടിക്കെതിരെയും അപവാദ പ്രചരണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണല്ലോ. എന്നെ പ്രതി നിങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെയും, അതിലേറെ പാര്‍ട്ടിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം.
നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാന്‍ ഏറ്റെടുക്കുന്നു.. നമുക്ക് ഈ കാര്യത്തില്‍ ഒരു പരസ്യ സംവാദം ആകാം.. ബാക്കി പൊതുജനം തീരുമാനിക്കട്ടെ..
നിങ്ങള്‍ തയ്യാറെങ്കില്‍ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിങ്ങള്‍ പറയുന്ന വേദിയില്‍ ഞാന്‍ എത്താം..മറുപടിക്കായി കാക്കുന്നു..

എ.എ.റഹീം നല്‍കിയ മറുപടിയുടെ പൂര്‍ണരൂപം:
എന്ത് പ്രഹസനാ മാത്യു,
ആദ്യം താങ്കള്‍ പ്രതിയെ ഹാജരാക്കൂ. പോക്‌സോ കേസാണ്. ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കുകയും തുടര്‍ന്ന് പിറക്കാത്ത കുഞ്ഞിനെ കൊല്ലുകയും ചെയ്ത കേസാണ്. അതിലുള്‍പ്പെട്ട കുറ്റവാളികള്‍ക്ക് വേണ്ടിയാണ് താങ്കളുടെ പരിശ്രമങ്ങള്‍. ഈ കാര്യത്തില്‍ എന്നെ തര്‍ക്കിച്ച് തോല്‍പ്പിച്ചിട്ടെന്ത്?
നിങ്ങള്‍ മാപ്പു പറയേണ്ടത് അമ്മമാരും പെങ്ങന്മാരുമുള്‍പ്പെട്ട നിങ്ങളുടെ വോട്ടര്‍മാരോടാണ്.കേരളത്തിലെ മുഴുവനാളുകളോടുമാണ്. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ താങ്കള്‍ ഇന്നുവരെ പോക്‌സോ കേസുകളില്‍ വാക്കാലെത്തെടുക്കാറില്ലെന്നു പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ താങ്കള്‍ വേറൊരു കാര്യം പറയുന്നുണ്ട്: ‘ആദര്‍ശം പറഞ്ഞ് പ്രതിച്ഛയ ഭയം കൊണ്ട് പിന്‍വലിയാന്‍ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല.’ കോണ്‍ഗ്രസുകാരനായ പോക്‌സോ പ്രതിയെ രക്ഷിക്കാന്‍ വേണ്ടി കേസില്‍ ഇടപെടാന്‍ തന്നെയാണ് പോകുന്നത് എന്നല്ലേ ഈ വാക്കുകള്‍ വ്യക്തമാക്കിയത്?
‘ഞാന്‍ വാദിക്കാന്‍ പോയിട്ടില്ല സത്യമായും പോയിട്ടില്ല അമ്മയാണേപോയിട്ടില്ല’ എന്നൊക്കെ ഇപ്പോള്‍ ആണയിടുന്നത് പിന്നെയെന്തിനാണ്?.
യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറിയായ പ്രതിയെ ഒളിവിലിരുത്തി, താങ്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് പോക്‌സോ കോടതിയില്‍ ഹര്‍ജി നല്‍കി. താങ്കള്‍ ഒപ്പിട്ട മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതിനകം പുറത്തായിട്ടുമുണ്ട്. സാമൂഹ്യ സമ്മര്‍ദ്ദം കൂടി, നാട്ടുകാര്‍ക്ക് മുന്നില്‍ താങ്കള്‍ ഒറ്റപ്പെട്ടു. ഒരുപക്ഷെ, താങ്കളുടെ വീട്ടുകാര്‍പോലും ‘ഇത് നെറികേടാണ് മത്തായീ…’ എന്ന് താങ്കളോട് പറഞ്ഞുകാണും. തുടര്‍ന്ന്, അങ്ങ് കോടതിയില്‍ നേരിട്ട് ഹാജരാകാതെ മറ്റൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കി.ആരാണ് നിങ്ങള്‍ ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍?
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും സര്‍വോപരി കെ.പി.സി.സി. നിര്‍വാഹക സമിതി അംഗവുമായിരുന്ന ശ്രീ ടി. ആസിഫലിയെയാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ പോക്‌സോ കേസ് പ്രതിക്ക് വേണ്ടി ഹാജരായത്.
ഷാന്‍ മുഹമ്മദിനെതിരെയൂള്ളത്, വളരെ ലളിതവും,രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതുമായ കേസെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. പ്രമുഖനായ വക്കീല്‍ വാദിച്ചു.എന്നിട്ടും കോടതി ജാമ്യാപേക്ഷ തള്ളി. കള്ളക്കേസായിരുന്നെങ്കില്‍,അങ്ങയുടെ പ്രിയ സ്‌നേഹിതനായ ഈ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം ലഭിക്കേണ്ടതല്ലേ?
മാത്യു വക്കീലേ, പതിനാറു വയസ്സുമാത്രമുള്ള ഒരു പെങ്ങളെ പിച്ചിച്ചീന്തിയ പ്രതികള്‍ക്കായി ഇങ്ങനെ പ്രഹസനവുമായി ഇറങ്ങരുത്. ക്ഷമിക്കണം, താങ്കള്‍ ഇത്ര സ്ത്രീവിരുദ്ധനെന്ന് ഞാന്‍ കരുതിയിരുന്നില്ല.
നമ്മള്‍ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കമല്ല ഇവിടെ പ്രശ്‌നം. കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച, താങ്കള്‍ ഒളിപ്പിച്ച പോക്‌സോ പ്രതിയെ എപ്പോള്‍ ഹാജരാക്കും എന്നതാണ് പ്രശ്‌നം.
സ്വാഭാവികമായ നീതിനിര്‍വഹണത്തിന് സഹകരിക്കേണ്ട ഒരു ജനപ്രതിനിധിയായ താങ്കള്‍ അതിനു നേര്‍ വിപരീതമായ് പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്‌നം.
ഈ കാര്യത്തില്‍ ഡിവൈഎഫ്‌ഐ ഇതുവരെ ചെയ്തതും പറഞ്ഞതുമെല്ലാം പരസ്യമായ് തന്നെയാണ്.രഹസ്യമായ് കാര്യങ്ങള്‍ നീക്കാന്‍ നോക്കിയിട്ട് നടക്കാതായപ്പോള്‍ താങ്കള്‍ക്ക് പെട്ടന്ന് ‘പരസ്യമായ്’ സംവദിക്കണമെന്ന് തോന്നുന്നത് സ്വാഭാവികവുമാണ്. ഒരിക്കല്‍ കൂടി പറയട്ടെ: ഞാനുമായി പരസ്യ സംവാദം നടത്തി അങ്ങ് ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യേണ്ട കാര്യമല്ലിത്.
നാടിനറിയേണ്ടത്, താങ്കളെന്തിനിത് ചെയ്യുന്നുവെന്നാണ്.നാടിനറിയേണ്ടത്, താങ്കള്‍ പ്രതിയെ ഹാജരാക്കുന്ന സമയമാണ്. നമ്മള്‍ രണ്ടുപേരിലാരാണ് തോല്‍ക്കുന്നത് എന്നതല്ല കാര്യം, ഇരയായ ആ പെങ്ങളിങ്ങനെ തോറ്റു നില്‍ക്കുന്നുവെന്നതാണ് പ്രശ്‌നം.അവള്‍ ജയിക്കട്ടെ. താങ്കള്‍ ഒളിപ്പിച്ച പ്രതിയെ ഹാജരാക്കൂ….

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker