പോത്തൻകോട് കല്ലൂരിലെ ഗുണ്ടാപകയെ തുടർന്നുള്ള കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. മറ്റ് പ്രതികൾക്കായി വ്യാപക അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണെന്നാണ് സംശയം. റൂറൽ എസ്.പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇന്നലെയാണ് തിരുവനന്തപുരം പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തൻകോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്. ഗുണ്ടാ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.