BREAKING NEWSBOLLYWOODENTERTAINMENT

പോപ് ഗായിക ഷക്കീറയ്ക്കു നേരെ കാട്ടുപന്നികളുടെ ആക്രമണം; ബാഗ് തട്ടിയെടുത്തു

മഡ്രിഡ്: സ്പാനിഷ് നഗരമായ ബാര്‍സിലോനയിലെ പാര്‍ക്കിലൂടെ 8 വയസ്സുള്ള മകനൊപ്പം നടക്കുന്നതിനിടെ രണ്ടു കാട്ടുപന്നികള്‍ ആക്രമിച്ചെന്നു കൊളംബിയന്‍ ഗായിക ഷക്കീറ. തന്നെ ആക്രമിച്ച കാട്ടുപന്നികള്‍ കൈവശമുണ്ടായിരുന്ന ബാഗും തട്ടിയെടുത്ത് കാട്ടിലേക്ക് ഓടി മറഞ്ഞതായും അവര്‍ പറഞ്ഞു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണു അപ്രതീക്ഷിത സംഭവത്തെക്കുറിച്ചു ഷക്കീറ വെളിപ്പെടുത്തിയത്. പിന്നീടു കാട്ടില്‍നിന്നു വീണ്ടെടുത്ത ബാഗ് ഉയര്‍ത്തിക്കാട്ടുന്ന ഷക്കീറ വിഡിയോയില്‍ ചോദിക്കുന്നത് ഇങ്ങനെ, ‘രണ്ടു കാട്ടുപന്നികള്‍ എന്നെ ആക്രമിച്ചു. അവര്‍ എന്റെ ബാഗ് എങ്ങനെയാക്കിയെന്നു നോക്കൂ.’
‘മൊബൈല്‍ ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗാണു പന്നികള്‍ തട്ടിയെടുത്തത്. അവര്‍ എല്ലാം നശിപ്പിച്ചിരിക്കുന്നു.’ തുടര്‍ന്ന്, തൊട്ടടുത്തിരിക്കുന്ന 8 വയസ്സുള്ള മകന്‍ മിലാനോട് അവര്‍ ഇങ്ങനെ ചോദിച്ചു, ‘ മിലാന്‍, സത്യം പറയൂ. കാട്ടുപന്നികളുടെ ആക്രമണത്തെ അമ്മ നേരിട്ടത് എങ്ങനെയാണെന്ന്–’ സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാര്‍സിലോന താരമായ ജെറാദ് പീക്കെയുടെയും ഷക്കീറയുടെയും മകനാണു മിലാന്‍.
കാറ്റാലന്‍ തലസ്ഥാനത്തു വര്‍ധിച്ചു വരുന്ന കാട്ടുപന്നി ആക്രമണങ്ങളുടെ ഒടുവിലത്തെ ഇരയാണു ഷക്കീറ. 2016ല്‍ കാട്ടുപന്നികള്‍ വളര്‍ത്തു നായ്ക്കളെ ആക്രമിക്കുന്നതായും വാഹനങ്ങളില്‍ വന്നിടിച്ചു ഗതാഗതം തടസ്സപ്പെടുത്തുന്നതായും മറ്റും 1,187 പേര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
2013ല്‍ പ്രശ്‌നപരിഹാരത്തിനു നേരിട്ട് ഇറങ്ങിത്തിരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ഒരു കാട്ടുപന്നിക്കു നേരെ വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യംതെറ്റി അദ്ദേഹത്തിന്റെ പങ്കാളിയുടെ ശരീരത്തിലാണു കൊണ്ടത്. ഏതു പ്രതികൂല സാഹചര്യങ്ങളിലും ജീവിക്കാനാകുന്ന കാട്ടുപന്നികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഗരപ്രദേശങ്ങളിലേക്കും കൂട്ടമായി എത്തുന്നുണ്ട്. മനുഷ്യര്‍ നിക്ഷേപിക്കുന്ന മാലിന്യം ആഹാരമാക്കാനാണ് ഈ വരവ്.
യൂറോപ്പിലുള്ള കാട്ടുപന്നികളുടെ എണ്ണം ഒരു കോടി കടന്നതായാണ് ഏകദേശ കണക്കുകള്‍. കാട്ടുപന്നികളുടെ ഉപദ്രവം അസഹ്യമായതോടെ പല നഗരങ്ങളും ഇവയെ തുരത്താന്‍ പല തരത്തിലുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. ബര്‍ലിനില്‍ വേട്ടക്കാര്‍ ആയിരക്കണക്കിനു കാട്ടുപന്നികളെ വെടിവച്ചു കൊന്നെങ്കിലും പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നു. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍, കുട്ടികളുടെ കളിസ്ഥലത്തിലൂടെ അലഞ്ഞുനടന്ന കാട്ടുപന്നിക്കൂട്ടത്തെ കഴിഞ്ഞ വര്‍ഷം പൊലീസ് അധികൃതര്‍ മയക്കുവെടിവച്ചതിനു ശേഷം വിഷം കുത്തിവച്ചുകൊന്ന സംഭവം വ്യാപക പ്രതിഷേധത്തിനു വഴി തെളിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker