BREAKING NEWSKERALA

പോരാളികളും ആശങ്കയില്‍… ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമിടയില്‍ കോവിഡ് പടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാര്‍ക്കും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂട്ടത്തോടെ കോവിഡ് പടരുന്നു. നിലവില്‍ 1280 പോലീസുകാരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുളളത്. നിരത്തുകളിലിറങ്ങി കോവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവരില്‍ നിന്ന് സ്റ്റേഷനിലുള്ളവരിലേക്കും രോഗം പകരുന്നത് പോലീസ് സംവിധാനത്തെ താറുമാറാക്കുമെന്ന ഭയം പോലീസിനുണ്ട്.
ഇതേപോലെ സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ 1071 ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് ബാധിതരായി. രോഗബാധിതരായ പലരും അവധിയിലായതോടെ മറ്റുളളവര്‍ക്ക് ജോലിഭാരം വര്‍ധിച്ചു. രോഗബാധിതരുള്‍പ്പെടുന്ന അന്തരീക്ഷവുമായി കൂടുതല്‍ നേരം ഇടപെടുന്നതിനാലാണ് ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് പടരുന്നതെന്നാണ് നിഗമനം.
ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും കോവിഡ് മുന്നണിപ്രവര്‍ത്തകരെന്ന നിലയില്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തവരാണ്. അതിനാല്‍ തന്നെ മിക്കവര്‍ക്കും രോഗം ഗുരുതരമാകുന്നില്ല. എന്നാല്‍ ഇവരില്‍ നിന്ന് വീട്ടിലെ മറ്റംഗങ്ങളിലേക്ക് രോഗം പടരാനുള്ള സാഹചര്യം അധികമാണെന്നതാണ് ഭീതി വര്‍ധിപ്പിക്കുന്നത്.
ദിനംപ്രതി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കുന്നു. ദിനംപ്രതി കൂടുതല്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് ബാധിച്ച് അവധിയിലാകുന്നതോടെ മാനസികവും ശാരീരികവുമായി തളരുന്ന അവസ്ഥയിലാണ് ആരോഗ്യപ്രവര്‍ത്തകരെന്ന് കെ.ജി.എം.ഒ.എ സര്‍ക്കാരിനെ അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം അടിയന്തരമായി ഉയര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ച നിര്‍ദ്ദേശത്തില്‍ പറയുന്നത്.
അതേസമയം പോലീസുകാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജനത്തിരക്ക് നിയന്ത്രിക്കാനാണ് ലോക്ക് ഡൗണ്‍ കൊണ്ടുവന്നതെങ്കിലും വരുന്ന ദിവസങ്ങളെല്ലാം പ്രവൃത്തി ദിനങ്ങളാണെന്നതും കമ്പനികള്‍ പലതും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളതുമാണ് പോലീസിനെ വലയ്ക്കുന്നത്.
പ്രവര്‍ത്തി ദിവസമായതിനാല്‍ നിരത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ കോവിഡ് ബാധിതരായി മാറുന്നത് പോലീസിന്റെ ഇടപെടലിനെ ബാധിക്കുന്നുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പൊലീസുകാര്‍ക്ക് രോഗബാധ കണ്ടെത്തിയത്.
രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ പൊലീസുകാര്‍ക്ക് ഷിഫ്റ്റ് സംവിധാനത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചു. നിരത്തിലിറങ്ങി പ്രതിദിന ഡ്യൂട്ടി ചെയ്യുന്നവര്‍ സ്റ്റേഷനില്‍ വരേണ്ടന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരിക്കുന്നത്.

Related Articles

Back to top button