തിരുവനന്തപുരം: സാധാരണനിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലേക്കു വിടുന്ന കേസുകളില്‍ ചിലത് പോലീസ് സ്റ്റേഷനുകളിലും ജില്ലാ പോലീസ് മേധാവിക്കും രാജിയാക്കാമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി. കേരള പോലീസ് നിയമത്തിലെ 117 മുതല്‍ 121 വരെ വകുപ്പുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന കേസുകള്‍ രാജിയാക്കാമെന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഉത്തരവിറക്കിയത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നതും പോലീസ് ഉദ്യോഗസ്ഥനെ ബോധപൂര്‍വം കൈയേറ്റം ചെയ്യുന്നതും ഉള്‍പ്പെടെ കേസുകള്‍ രാജിയാക്കാമെന്നാണ് നിര്‍ദേശം.
പോലീസ് നിയമത്തിലെ 117, 118 വകുപ്പുകളിലെ കേസുകളും 119(2) വകുപ്പില്‍ ഉള്‍പ്പെടുന്ന കേസും ജില്ലാ പോലീസ് മേധാവിക്ക് രാജിയാക്കാമെന്നാണ് ഉത്തരവിലുള്ളത്. 117ാം വകുപ്പ് പോലീസിന്റെ ചുമതലകളില്‍ ഇടപെടുന്നത് സംബന്ധിച്ചാണ്. 117ാം വകുപ്പിലെ ഇ ഉപവകുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥനെ തടയുന്നതിനെയും കൈയേറ്റം ചെയ്യുന്നതിനെയും കുറിച്ചാണ്. കുറ്റം തെളിയിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവോ പതിനായിരം രൂപയില്‍ കുറയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ.
എന്നാല്‍, ഈ കേസുകള്‍ ജില്ലാ പോലീസ് മേധാവിക്ക് രാജിയാക്കാമെന്നാണ് ഉത്തരവിലുള്ളത്. 5000 രൂപ പിഴയടച്ചാല്‍ മതി. പ്രതിക്ക് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. മുഖേനയോ പോലീസ് മേധാവിക്ക് നേരിട്ടോ അപേക്ഷ നല്‍കാം. ഇതു പരിശോധിച്ച് ജില്ലാ പോലീസ് മേധാവി കേസ് രാജിയാക്കും. ഈ നീക്കത്തിനെതിരേ പോലീസുകാര്ക്കിടയില്നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
188 ഐ വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും ഈ ഉത്തരവ് പ്രകാരം രാജിയാക്കാം. പതിനെട്ട് വയസ്സില്‍ താഴെയുളളവര്‍ക്ക് ലഹരിപദാര്‍ഥങ്ങളോ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വില്ക്കുകയോ അതിനായി സ്കൂള്‍ പരിസരത്ത് അവ സംഭരിക്കുകയോ ചെയ്താല്‍ ഈ വകുപ്പ് ഉപയോഗിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മൂന്നുവര്‍ഷം വരെ തടവോ പതിനായിരം രൂപയില്‍ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ. എന്നാല്‍, 5000 പിഴയടച്ച് ജില്ലാ പോലീസ് മേധാവിക്ക് ഈ കേസും രാജിയാക്കാം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേയുളള 119ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസും ജില്ലാ പോലീസ് മേധാവിക്കു രാജിയാക്കാനാകുമെന്നും ഉത്തരവിലുണ്ട്. അതേസമയം, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകളിലൊന്നും ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കില്ല.
ശല്യമുണ്ടാക്കല്‍, ക്രമസമാധാന ലംഘനം എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും പ്രത്യേകം വ്യവസ്ഥ ചെയ്യാത്ത കുറ്റങ്ങള്‍ക്ക് എടുക്കുന്ന കേസുകളും പോലീസ് സ്റ്റേഷനുകളില്‍ത്തന്നെ രാജിയാക്കാമെന്നും ഉത്തരവിലുണ്ട്. എന്നാല്‍, ഒരു ജില്ലയില്‍ മാത്രം ഇത്തരത്തില്‍ ഉത്തരവിറങ്ങിയതിനെതിരേ ഒരു വിഭാഗം പോലീസുകാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്