തിരുവനന്തപുരം: പരിശോധിക്കപ്പെടേണ്ട മൃതദേഹം പോലീസ് ഭാഷയില്‍ ‘പ്രേത’മായിരുന്നു ഇതുവരെ. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹത്തിന് ഒപ്പംപോകുന്ന ഡ്യൂട്ടി പ്രേത ബന്തവസ് ഡ്യൂട്ടിയും. മൃതദേഹത്തിന് ബഹുമാനംനല്കാതെ, അതിനെ പ്രേതമാക്കുന്ന ഈ പ്രയോഗം ഇനിമുതല്‍ വേണ്ടെന്ന തീരുമാനത്തിലാണ് പോലീസ്. പ്രേതപരിശോധന ഇനിമുതല്‍ മൃതദേഹപരിശോധനയാകും.
ഇന്‍ക്വസ്റ്റ് എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാളതര്ജമയില് ‘പ്രേതം’ വരുന്നത് ഉപേക്ഷിക്കണമെന്ന് നിര്‍ദേശിച്ചത് ആഭ്യന്തരവകുപ്പുതന്നെയാണ്. പകരമായി മൃതദേഹപരിശോധന, ഭൗതികശരീരപരിശോധന എന്നിവയിലേതെങ്കിലും ഉപയോഗിക്കാനും നിര്‍ദേശിച്ചു. ഇക്കാര്യം എ.ഡി.ജി.പി.മാരുടെ യോഗത്തില്‍ ചര്‍ച്ചയായി. പ്രേതവിചാരണയ്ക്ക് പകരമായി ‘മൃതദേഹപരിശോധന’ എന്ന് ഉപയോഗിക്കാമെന്ന് തീരുമാനവുമായി.
പ്രേത ബന്തവസ് ഡ്യൂട്ടി എന്നപോലെതന്നെയാണ് ‘ശോധനാ വാറന്റ്’. പരിശോധനയ്ക്കുള്ള വാറന്റിനെയാണ് ഈ പേരില്‍ വിളിക്കുന്നത്. ‘ലക്ഷ്യം വക’ എന്നുകണ്ടാല്‍ ഞെട്ടേണ്ടതില്ല. അത് കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ച് പറയുന്നതാണ്. ദേഹപരിശോധനയും മേപ്പടിയാനും ടിയാനും പോലുള്ള വാക്കുകള്‍ വേറെയുമുണ്ട്. അതെല്ലാം മിക്കവര്‍ക്കും മനസ്സിലാകുന്നതായതിനാല് ആശയക്കുഴപ്പമുണ്ടാക്കുന്നില്ലെന്നുമാത്രം.