BREAKING NEWSKERALA

പോലീസ് കഞ്ചാവ് കൊണ്ടുവരും, കോട്ട തികയ്ക്കാന്‍ അവര്‍ തന്നെ പിടിക്കും; ആന്റി നകോട്ടിക് ഫോഴ്‌സിനെതിരേ പോലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും പോലീസ്തന്നെ കഞ്ചാവ് കടത്തിക്കൊണ്ടു വന്നശേഷം പിടിച്ചെടുത്ത് പേരെടുക്കാന്‍ ശ്രമമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുണ്ടായിരുന്ന ജില്ലാ ആന്റി നകോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സി (ഡാന്‍സാഫ്) നെതിരേയാണ് റിപ്പോര്‍ട്ട്.
എ.ഡി.ജി.പി.യുടെ നിര്‍ദേശപ്രകാരം ഏതാനും ആഴ്ച മുമ്പ് ഡാന്‍സാഫിനെ പിരിച്ചുവിട്ടിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്.
ചാക്ക, കുമാരപുരം എന്നിവിടങ്ങളില്‍നിന്നു കിലോക്കണക്കിനു കഞ്ചാവ് പിടിച്ച സംഭവങ്ങളെത്തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയത്. ഈ രണ്ട് സംഭവങ്ങളിലും കിലോക്കണക്കിനു കഞ്ചാവ് റോഡരികിലും ഒഴിഞ്ഞ പുരയിടത്തിലും ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
തുടരന്വേഷണത്തില്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെയാണ് കഞ്ചാവ് പോലീസ്തന്നെ കൊണ്ടുെവച്ചതാണെന്ന സംശയമുയര്‍ന്നത്. ചാക്കയില്‍നിന്ന് 110 കിലോയും കുമാരപുരത്തുനിന്ന് 150 കിലോയും കഞ്ചാവാണ് പിടിച്ചത്. നാല് തമിഴ്‌നാട് സ്വദേശികളെയും പിടികൂടിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായൊന്നും അറിയുമായിരുന്നില്ല.
ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നു പോലീസ്തന്നെ നേരിട്ടുപോയി കഞ്ചാവ് കൊണ്ടുവരികയായിരുന്നുവെന്നാണ് ഇന്റലിജന്‍സ് എ.ഡി.ജി.പി.ക്കു നല്‍കിയ റിപ്പോര്‍ട്ട്. ഇതിന് നെയ്യാറ്റിന്‍കരയിലെ കഞ്ചാവുകടത്ത് സംഘത്തിന്റെ സഹായം ലഭിച്ചുവെന്നും സംശയിക്കുന്നു.
കൂടുതല്‍ കഞ്ചാവ് കൊണ്ടുവന്ന് കുറച്ചുഭാഗം ഈ സംഘങ്ങള്‍ക്കു നല്‍കിയോ എന്നു പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. പോലീസ് ഉദ്യോഗസ്ഥനും കഞ്ചാവുകടത്ത് സംഘത്തലവനും ഒരുമിച്ച് വിമാനത്തില്‍ ബെംഗളൂരുവില്‍ പോയതിന്റെ രേഖകളും തേടുന്നുണ്ട്. കഞ്ചാവുമായി വരുന്നതിനിടയില്‍ ഒരുതവണ കേരള പോലീസ് സംഘം ആന്ധ്രാ പോലീസിന്റെ പിടിയിലായി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് തിരിച്ചെത്തിച്ചത്.
ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ ക്വാട്ട തികയ്ക്കാനാണ് പ്രത്യേക സംഘം തട്ടിപ്പ് നടത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. വന്‍ കഞ്ചാവുവേട്ടകള്‍ അന്വേഷണ സംഘങ്ങള്‍ക്ക് റിവാര്‍ഡും മറ്റ് ആനുകൂല്യങ്ങളും നേടിക്കൊടുക്കും. കഞ്ചാവിനൊപ്പം കൂട്ടിക്കൊണ്ടുവരുന്ന തമിഴ്‌നാട് സ്വദേശികളെ പ്രതികളാക്കുകയാണ് ചെയ്യുന്നത്. ഇതിന് കേരളത്തിലെ കഞ്ചാവുകടത്ത് സംഘങ്ങളുടെ സഹായമുള്ളതായും സംശയിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker