ന്യൂഡല്‍ഹി: പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭാരതീയ കിസാന്‍ സംഘ്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് കിസാന്‍ സംഘ് ജനറല്‍ സെക്രട്ടറി ബദ്രിനാരായണ്‍ ചൗധരി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം നടത്തുന്നത്.
സര്‍ക്കാര്‍ ഒന്നുകില്‍ ലാഭകരമായ വില നല്‍കണം. അല്ലെങ്കില്‍ തങ്ങളുടെ വാദത്തില്‍ തെറ്റ് എന്താണെന്ന് വിശദീകരണം നല്‍കണം. നിലവിലെ താങ്ങുവില വെറും തട്ടിപ്പാണ്. താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണം.
ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ വില എല്ലാ കര്‍ഷകര്‍ക്കും കിട്ടണമെന്നാവശ്യപ്പെട്ട് നാളെ രാജ്യമൊട്ടുക്കും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഭാരതീയ കിസാന്‍ സംഘ് പ്രക്ഷേഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ അനുഭാവപൂര്‍വ്വം ചിന്തിക്കണമെന്നും ബദ്രിനാരായണ്‍ ചൗധരി ആവശ്യപ്പെട്ടു. സംഘപരിവാര്‍ സംഘടന തന്നെ കര്‍ഷക പ്രക്ഷോഭത്തിനെ പിന്തുണച്ചും സര്‍ക്കാരിനെ ചോദ്യം ചെയ്തു രംഗത്തെത്തിയത് കേന്ദ്രത്തെ പ്രതിരോധത്തിലാക്കും.
2020 ല്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം ഒരു ഇടവേളയ്ക്കുശേഷം കഴിഞ്ഞ ആഴ്ചയോടെ വീണ്ടും ശക്തിയാര്‍ജിച്ചിരുന്നു. ഇതിനിടെയാണ് ആര്‍എസ്എസ് സംഘടന കൂടി പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസം കര്‍ഷകര്‍ മുസാഫര്‍ നഗറില്‍ മഹാപഞ്ചായത്ത് നടത്തിയതിന് ശേഷം രാജ്യവ്യാപകമായി ഇത്തരത്തില്‍ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ചൊവ്വാഴ്ച ഹരിയാണയിലെ മിനി സെക്രട്ടേറിയറ്റിന് സമീപമാണ് മഹാപഞ്ചായത്ത് നടന്നത്. കര്‍ണാലില്‍ കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ മഹാപഞ്ചായത്ത്.