WEB MAGAZINEPOEM

പ്രണയമഴ   (കവിത )

മഴമേഘജാലമാം മൗനാനുരാഗത്തിൻ മഴവില്ലുതിർക്കുന്ന മനസ്സിൻ നഭസ്സിലും

മോഹങ്ങളാം മുകിൽമാലകൾ ചാഞ്ചാടും മോഹിതം ചഞ്ചലം തന്നെ ചിത്തം .

പറയുവാനറിയാത്ത പ്രണയമേ നീ യെന്റെ പരിഭവത്തിരകളിൽ തെളിയുന്നുവോ ?

മിഴിനീർക്കണംപോലെ നേർത്തൊന്നു പൊഴിയുവാൻ, ഹൃത്തടം വീണ്ടും  കൊതിച്ചുപോയി.

ഇരവിന്റെ തേങ്ങലായിഴനെയ്‌തൊരനുരാഗ രേണുക്കളെങ്ങും പൊഴിഞ്ഞരാവിൽ

പനിമതിക്കലയുമാപ്പാരിജാതങ്ങളും പാടാൻ പറഞ്ഞതും പ്രണയഗാനം .

ചെമ്പനീർ മുകുളവും ചേർത്തുവെച്ചേറെനാൾ ചെമ്മെ നടന്നു നാട്ടിൻപുറങ്ങൾ.

ചെമ്പട്ടുടുത്തു ചെന്താമരക്കാടുകൾ   ച്ചെവിയിൽപ്പറഞ്ഞതാരാണുപോലും ?

പാതിവഴിവക്കിലെപ്പൂവാകച്ചില്ലയിൽ പാട്ടുമായെത്തി പ്പൂങ്കുരുവികൾ.

പാടിത്തളർന്നു ചേക്കേറുമാ  കാഴ്ചയും  കോരിത്തരിച്ചു ഞാൻ നോക്കി നിന്നു .

ആറ്റോരമൊരുകാറ്റിലുലയുമീത്തോണിയിൽ ചാറ്റൽ മഴച്ചില്ലു വീണിടുമ്പോൾ

ചാരത്തണഞ്ഞൊരാ വർണ്ണക്കുടക്കീഴിൽ ചേലൊത്ത പെണ്ണവൾക്കൂട്ടിനുണ്ടോ ???

സൗമ്യ കനകമംഗലത്ത്

Related Articles

Back to top button