BREAKINGKERALA

‘പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാനുള്ള അവസരം നഷ്ടമായി’; നാളെ ഇതേ പ്രമേയ ചര്‍ച്ചയ്ക്ക് ധൈര്യമുണ്ടോയെന്ന് ജലീല്‍

തിരുവനന്തപുരം: കള്ളി പൊളിയുമെന്ന് വന്നപ്പോള്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാലും ചുരുട്ടി ഓടിയെന്ന് കെ ടി ജലീല്‍ എംഎല്‍എ. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് പറഞ്ഞ് ഇന്ന് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചത് യുഡിഎഫിന് ഇടിത്തീയായി. ഇതോടെ വെട്ടിലായ പ്രതിപക്ഷം ചര്‍ച്ച ഒഴിവാക്കാന്‍ നടത്തിയ പൊറാട്ടുനാടകമാണ് തുടര്‍ന്ന് നിയമസഭയില്‍ കണ്ടതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സഭ നേരെ ച്ചൊവ്വെ നടന്നാല്‍ ഉച്ചയ്ക്ക് 12ന് യുഡിഎഫിന്റെ പതിനാറടിയന്തിരം കഴിക്കുമെന്ന് ഭയന്നു. ഇതോടെയാണ് സഭ അലങ്കോലപ്പെടുത്തി അവര്‍ സമ്മേളനം തടസപ്പെടുത്തിയത്. കഴിഞ്ഞ പത്തുവര്‍ഷമായി ജില്ലയില്‍ പിടികൂടിയ സ്വര്‍ണ്ണവും ഹവാല പണവും എത്രയെന്നും അതിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും എണ്ണിയെണ്ണിപ്പറഞ്ഞ് പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാനുള്ള അവസരമാണ് തനിക്കു നഷ്ടമായത്. ഇതേ പ്രമേയം നാളെ അടിയന്തിര പ്രമേയമായി കൊണ്ടുവരാനും ചര്‍ച്ച ചെയ്യാനും പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും ജലീല്‍ ചോദിച്ചു.
യുഡിഎഫ് നേതാക്കളുടെ സ്വര്‍ണ്ണക്കടത്തും ഹവാല ബന്ധവും തുറന്നുകാട്ടപ്പെടുമായിരുന്ന ഇന്നത്തെ സഭ കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും ജലീല്‍ പറഞ്ഞു. നിയമസഭ ബഹളത്തെ തുടര്‍ന്ന് ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്ന് മന്ത്രിമാരും പ്രതികരിച്ചിരുന്നു. സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം സ്പീക്കറെ അധിക്ഷേപിച്ചെന്ന് മന്ത്രി രാജീവ് കുറ്റപ്പെടുത്തി. അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുത്തതോടെ പ്രതിപക്ഷം പരിഭ്രാന്തരായി. വിഷയം ചര്‍ച്ച ചെയ്താല്‍ കാപട്യം തുറന്നു കാട്ടപ്പെടും എന്നുള്ളതാണ് പ്രതിപക്ഷത്തിനു പ്രശ്നമായതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തിര പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ നിന്ന് ഒളിച്ചോടിയെന്നും പറഞ്ഞ മന്ത്രി എംബി രാജേഷ് പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്ന് തെളിഞ്ഞുവെന്നും വിമര്‍ശിച്ചു.

Related Articles

Back to top button