LATESTBREAKING NEWSNATIONALTOP STORY

പ്രതിഷേധക്കടലായി ഡല്‍ഹി; ഗുസ്തി താരങ്ങളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; സാക്ഷി മാലിക് ഉള്‍പ്പടെ അറസ്റ്റില്‍

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് ഭേദിച്ചെത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വലിച്ചിഴച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. കുത്തിയിരുന്ന് സമരം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക് ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ഒരുകാരണവശാലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന് ഡല്‍ഹി കമ്മീഷണര്‍ വ്യക്തമാക്കി.
രാവിലെ പതിനൊന്നരയോടെയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധമാര്‍ച്ച് ആരംഭിച്ചത്. ‘സമാധാനപരമായാണ് ഞങ്ങള്‍ മാര്‍ച്ച് നടത്തുന്നത്. പൊലീസ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഞങ്ങളും ഈ രാജ്യത്തെ പൗരന്മരാണ്’. ഗുസ്തി താരം ബജ്ങംഗ് പുനിയ മാര്‍ച്ചിന് മുന്‍പായി മാധ്യമങ്ങളോട് പറഞ്ഞു. സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിക്കാനെത്തിയ കര്‍ഷക നേതാക്കളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധ പരിപാടി കണക്കിലെടുത്ത് ഔട്ടര്‍ ഡല്‍ഹിയില്‍ താത്ക്കാലിക ജയില്‍ സ്ഥാപിപിച്ചിരുന്നു. ലൈംഗികാതിക്രമത്തില്‍ ബ്രിജ്ഭൂഷണ്‍ സിങിനെതിരെ നടപടിയാവശ്യപ്പെട്ട് സമരരംഗത്തുള്ള ഗുസ്തി താരങ്ങള്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധപരിപാടിയായ ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകള്‍ ഇവിടേക്ക് എത്തിച്ചേരുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.

‘പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി’ പ്രവര്‍ത്തകരെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഹരിയാനയില്‍ നിന്ന് നിരവധി പേര്‍ സിംഘ് അതിര്‍ത്തി വഴി തലസ്ഥാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ചേക്കുമെന്നതിനാല്‍ സ്ഥലത്ത് കര്‍ശന നിയന്ത്രണങ്ങളുണ്ട്. കൂടാതെ തിക്രി അതിര്‍ത്തിയിലും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍ണം സിങ് ചരുണിയെ അംബാലയില്‍ വച്ച് പൊലീസ് തടവിലാക്കി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഞായറാഴ്ച രാവിലെ 10.30-ഓടെ ഗാസിയാബാദ് അതിര്‍ത്തിയില്‍ താരങ്ങള്‍ക്ക് പിന്തുണയുമായി അണിനിരക്കും. ഇവര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുമെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker