BREAKING NEWSKERALA

പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു. ട്രസ്റ്റില്‍ ഓഡിറ്റിങ് നടത്താന്‍ ഭരണസമിതിക്കും, ഉപദേശക സമിതിക്കും അധികാരമില്ലെന്നാണ് വാദം.
പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദേശിക്കണമെന്നും ട്രസ്റ്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി. വരവ് ചെലവ് കണക്ക് ഹാജരാക്കാന്‍ കമ്പനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചത്.
ക്ഷേത്ര ഭരണത്തിലോ, വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ ഓഡിറ്റിങ്ങില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് ട്രസ്റ്റ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ട്രസ്റ്റ് സ്വതന്ത്ര സ്വഭാവമുള്ളതാണെന്നും അതിന്നാല്‍ ഭരണസമിതിയുടെ കീഴിലല്ലെന്ന് ഉത്തരവിടണമെന്നുമാണ് ആവശ്യം.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, ഭജനപുര, മഹാലക്ഷ്മി, അനന്തശയനം, സുദര്‍ശന്‍ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആര്‍ട്ട് ഗാലറി, കുതിര മാളിക എന്നിവയും പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യുറി ഗോപാല്‍ സുബ്രമണ്യം നേരത്തെ സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതി പ്രത്യേക ഓഡിറ്റിന് നിര്‍ദ്ദേശം നല്‍കിയത്.
1965ല്‍ ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മയാണ് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തില്‍ നടത്തുന്ന മതപരമായ ആചാരങ്ങള്‍ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ ട്രസ്റ്റ് ഇടപെടാറില്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് അപേക്ഷ പരിഗണിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker