LATESTNATIONAL

പ്രധാനമന്ത്രിക്ക് ഷേവ് ചെയ്യാന്‍ 100 രൂപ അയച്ച് ചായവില്‍പ്പനക്കാരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താടി വടിയ്ക്കാന്‍ പണം അയച്ച് ചായ വില്‍പ്പനക്കാരന്‍. മഹാരാഷ്ട്രയിലെ ബരാമതിയില്‍ നിന്നുള്ള ഒരു ചായക്കടക്കാരന്‍ ആണ് ഷേവ് ചെയ്യുന്നതിനായി പ്രധാനമന്ത്രിക്ക് നൂറു രൂപ മണിയോര്‍ഡര്‍ അയച്ച് നല്‍കിയത്.
കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും ഒക്കെയായി കഴിഞ്ഞ ഒന്നര വര്‍ഷമായി രാജ്യത്തെ അസംഘടിത തൊഴില്‍ മേഖല കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതില്‍ അസ്വസ്ഥനായാണ് അനില്‍ മോര്‍ എന്ന ചായ വില്‍പ്പനക്കാരന്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ഇന്ദപുര്‍ റോഡില്‍ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം ഒരു ചെറിയ ചായക്കട നടത്തി വരികയാണ് അനില്‍.
‘പ്രധാനമന്ത്രി തന്റെ താടി വളര്‍ത്തുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും വര്‍ധിപ്പിക്കണമെന്നുണ്ടെങ്കില്‍ അത് ഈ രാജ്യത്തെ ജനങ്ങള്‍ക്കുള്ള തൊഴിലവസരങ്ങളാണ്. ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. അതുപോലെ തന്നെ നിലവിലെ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും. കഴിഞ്ഞ രണ്ട് ലോക്ക്ഡൗണുകള്‍ സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും ജനങ്ങള്‍ കരകയറിയെന്ന് പ്രധാനമന്ത്രി ഉറപ്പാക്കേണ്ടതുണ്ട്’ അനില്‍ പറയുന്നു.
പ്രധാനമന്ത്രി എന്ന പദവി രാജ്യത്തെ ഏറ്റവും ഉന്നതപദവി തന്നെയെന്ന് അവകാശപ്പെടുന്ന അനില്‍ തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അങ്ങേയറ്റം ബഹുമാനവും ആദരവും ഉണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. ‘നമ്മുടെ പ്രധാനമന്ത്രിയോട് എനിക്ക് അങ്ങേയറ്റം ആദരവും ബഹുമാനവും ഉണ്ട്. അദ്ദേഹത്തിന് ഷേവ് ചെയ്യുന്നതിനായി എന്റെ സമ്പാദ്യത്തില്‍ നിന്നും നൂറു രൂപ അയക്കുകയാണ്. പരമാധികാരിയായ അദ്ദേഹത്തെ വേദനപ്പിക്കുന്നത് എന്നതല്ല ഉദ്ദേശം. പക്ഷെ ദരിദ്രരുടെ പ്രശ്‌നങ്ങള്‍ ദിനംതോറും വര്‍ധിച്ച് വരുന്ന ഈ മഹാമാരിക്കാലത്ത് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇതാണ് വഴി’ എന്നായിരുന്നു അനിലിന്റെ വാക്കുകള്‍.
ഇതിന് പുറമെ കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് 30000 രൂപയും ധനസഹായം നല്‍കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker