LATESTNATIONALTOP STORY

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കൊച്ചിയിൽ 2060 പൊലീസുകാർ; മോദിയുടെ പരിപാടിയിൽ മൊബൈൽ മാത്രം അനുവദനീയം

കൊച്ചി: കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഴുതടച്ച സുരക്ഷ ഒരുക്കാൻ രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ കെ സേതുരാമൻ. തേവര എസ്എച്ച് കോളജ് ഗ്രൗണ്ടിൽ ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയിൽ 20,000 പേർ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മൊബൈൽ ഫോൺ മാത്രമായിരിക്കും അനുവദിക്കുകയെന്നും കമ്മീഷ്ണർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൈകിട്ട് നാല് മണി മുതൽ ട്രാഫിക് നിയന്ത്രണം ആരംഭിക്കുമെന്ന് കമ്മീഷ്ണർ അറിയിച്ചു.  നിലവിലെ തീരുമാനപ്രകാരം തിങ്കളാഴ്ച വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തും. കൊച്ചി നേവൽ ബേസിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ബിജെപിയുടെ റോഡ് ഷോയിൽ പങ്കെടുക്കും. റാലിയിൽ 15,000 പേർ പങ്കെടുക്കുമെന്ന് കമ്മീഷ്ണർ പറഞ്ഞു. റോഡ് ഷോയുടെ ദൂരം 1.8 കിലോമീറ്ററായി കൂട്ടിയിട്ടുണ്ട്. വെണ്ടുരുത്തി മുതൽ തേവര കോളജ് വരെയാകും റോഡ് ഷോ. തുടർന്ന് യുവം പരിപാടി ആരംഭിക്കും.

വൈകുന്നേരം ഏഴ് മണിക്ക് പ്രധാനമന്ത്രി കൊച്ചിയിൽ ക്രൈസ്തവ മേലധ്യക്ഷന്മാരെ കാണും. വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച്ച. സിറോ മലബാർ, മലങ്കര, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, കർദായ ക്നാനായ കത്തോലിക്ക സഭ, ക്നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയൻ കൽ​ദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക. ചൊവ്വാഴ്ച്ച രാവിലെ 9:30ക്ക് മോദി തിരുവനന്തപുരത്തേക്ക് തിരിക്കും.

പ്രധാമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് ​ഗതാ​ഗത നിയന്ത്രണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker