കല്പറ്റ: വയനാട് ദുരന്തമേഖല സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്, ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. 3 ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടുക. ദുരന്തമേഖലയില്‍ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും.
കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്, സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭന് തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു. ഹെലികോപ്റ്ററിലിരുന്ന് ദുരന്തമേഖല സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ചൂരല്‍മലയിലേക്ക് റോഡ്മാര്‍ഗമായിരിക്കും എത്തുക. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.