BREAKING NEWSKERALA

പ്രധാന വകുപ്പുകളില്‍ മാറ്റമില്ല; കേരള കോണ്‍ഗ്രസിന് പൊതുമരാമത്തിനു സാധ്യത

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ പുതുതായി വരുന്ന ഘടകകക്ഷികള്‍ക്ക് സി.പി.എമ്മിന്റെ അക്കൗണ്ടില്‍നിന്ന് വകുപ്പുകള്‍ കണ്ടെത്തും. സി.പി.ഐ. വകുപ്പുകളില്‍ വലിയ മാറ്റമുണ്ടാകില്ല. വകുപ്പുകള്‍ തീരുമാനിക്കാന്‍ ഇടതുമുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ ടേമില്‍ മന്ത്രിസ്ഥാനമില്ലാത്തതിനാല്‍ തുറമുഖം, മ്യൂസിയം വകുപ്പുകള്‍ പൊതുപൂളില്‍ വരും. കേരള കോണ്‍ഗ്രസിന് പൊതുമരാമത്തിനായിരിക്കും സാധ്യത. രജിസ്‌ട്രേഷന്‍ വകുപ്പും ലഭിച്ചേക്കും.
സി.പി.ഐ.യില്‍നിന്ന് കൃഷി ഏറ്റെടുക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അവര്‍ തയ്യാറായിട്ടില്ല. റവന്യൂ, സിവില്‍സപ്ലൈസ്, കൃഷി വകുപ്പുകള്‍ തുടര്‍ന്നും സി.പി.ഐ.ക്കായിരിക്കുമെന്നാണു സൂചന. വനം വിട്ടുനല്‍കുമെങ്കില്‍ ചെറിയ മറ്റേതെങ്കിലും വകുപ്പ് പകരം ലഭിക്കും.
ജനതാദള്‍ എസിന് ജലസേചനം തന്നെ ലഭിച്ചേക്കും. ഗതാഗതം സി.പി.എം. ഏറ്റെടുത്ത് എന്‍.സി.പി. വകുപ്പില്‍ മാറ്റത്തിനു സാധ്യതയുണ്ട്. തീരദേശ മേഖലയുടെകൂടി പ്രതിനിധിയെന്ന നിലയില്‍ ആന്റണി രാജുവിന് ഫിഷറീസ് വകുപ്പിനു സാധ്യതയുണ്ട്.
21 അംഗങ്ങളെ ഉള്‍പ്പെടുത്തി രണ്ടാം പിണറായി സര്‍ക്കാരിന്റെ ഘടനയ്ക്ക് ഇടതുമുന്നണിയോഗം രൂപംനല്‍കി. ഐ.എന്‍.എല്ലിലെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരളകോണ്‍ഗ്രസിലെ ആന്റണി രാജുവും ആദ്യ രണ്ടരവര്‍ഷം മന്ത്രിമാരാകും. രണ്ടാം ഊഴം കേരള കോണ്‍ഗ്രസ് ബിക്കും കോണ്‍ഗ്രസ് എസിനും ലഭിക്കും. എല്‍.ജെ.ഡി. ഒഴികെയുള്ള കക്ഷികള്‍ക്ക് പ്രാതിനിധ്യമുണ്ട്.
സി.പി.എം. 12, സ്പീക്കര്‍, സി.പി.ഐ. 4, ഡെപ്യൂട്ടി സ്പീക്കര്‍, കേരള കോണ്‍ഗ്രസ് (എം) 1, ചീഫ് വിപ്പ്, ജെ.ഡി.എസ്. 1, എന്‍.സി.പി. 1, ജെ.കെ.സി. 1 (ആദ്യ രണ്ടരവര്‍ഷം), ഐ.എന്‍.എല്‍1 (ആദ്യ രണ്ടരവര്‍ഷം), കോണ്‍ഗ്രസ് (എസ്) 1 (രണ്ടാമത്തെ രണ്ടരവര്‍ഷം), കേരളകോണ്‍ഗ്രസ്(ബി) 1 (രണ്ടാമത്തെ രണ്ടരവര്‍ഷം).
ദളുകള്‍ ലയിച്ചാല്‍ പങ്കിടണം
എല്‍.ജെ.ഡി., ജനതാദള്‍ (എസ്) പാര്‍ട്ടികള്‍ ലയിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനം പങ്കിടണമെന്നു നിര്‍ദേശം. മുന്നണിതീരുമാനം വിശദീകരിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കണ്‍വീനര്‍ എ. വിജയരാഘവന്‍ തയ്യാറായില്ല. മന്ത്രിസ്ഥാനം ജെ.ഡി.എസിനാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐ.യില്‍നിന്ന് ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജന്‍ എന്നിവര്‍ ഏതാണ്ട് മന്ത്രിസ്ഥാനമുറപ്പിച്ചു. ഇ. ചന്ദ്രശേഖരനെ ഒഴിവാക്കിയാല്‍ ഇ.കെ. വിജയനാണു സാധ്യത. ചിറ്റയം ഗോപകുമാറായിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍.
ജനതാദള്‍ എസില്‍നിന്ന് കെ. കൃഷ്ണന്‍കുട്ടിയായിരിക്കും മന്ത്രി. ദേശീയാധ്യക്ഷന്‍ ദേവഗൗഡ തീരുമാനം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചു. മാത്യു ടി. തോമസിനൊപ്പം കഴിഞ്ഞതവണത്തെപ്പോലെ കാലാവധി വിഭജിക്കുന്നതിനെപ്പറ്റി ധാരണയുള്ളതായി സൂചനയില്ല.
എന്‍.സി.പി.യില്‍നിന്ന് എ.കെ. ശശീന്ദ്രനായിരിക്കും മന്ത്രി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ചൊവ്വാഴ്ച തീരുമാനം പ്രഖ്യാപിക്കും.
ചൊവ്വാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌സമിതി യോഗങ്ങള്‍ മന്ത്രിമാരെ തീരുമാനിക്കും. വീണാ ജോര്‍ജ് സ്പീക്കറാകാന്‍ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരെയും സ്പീക്കറെയുമാണ് സി.പി.എം. നിശ്ചയിക്കേണ്ടത്. പിണറായി വിജയന്‍, കെ.കെ. ശൈലജ എന്നിവരെ കൂടാതെ എം.വി. ഗോവിന്ദന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിയാകും. വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, എം.ബി. രാജേഷ്, വി. അബ്ദുറഹ്മാന്‍, പി.പി. ചിത്തരഞ്ജന്‍, പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആര്‍. ബിന്ദു എന്നിവര്‍ സാധ്യതാപട്ടികയിലുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker