BREAKING NEWSKERALALATESTNEWSPOLITICS

പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താന്‍ സാധിക്കൂ എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് ശക്തമാക്കിയതോടെ പ്രവാസികളെല്ലാം വലിയ വിഷമത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.

”പ്രവാസികളെ സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു വഞ്ചിക്കുകയാണ്. പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം മുടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസികളുടെ തിരിച്ചുവരവ് എങ്ങനെ മുടക്കാം എന്നു ഗവേഷണം ചെയ്യുകയാണ് സര്‍ക്കാര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കേരളത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കൂ എന്ന നിലപാട് തിരുത്തണം.” ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് സര്‍ക്കാര്‍

അതേസമയം, കേരളത്തിലേക്കു വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആദ്യമെടുത്ത തീരുമാനം. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം കൈക്കൊണ്ടത്.

‘വന്ദേ ഭാരത് മിഷന്‍’ വഴി കേരളത്തിലേക്ക് എത്തുന്ന പ്രവാസികള്‍ക്കും സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. പരിശോധന നടത്താന്‍ കേന്ദ്രം മുന്‍കൈ എടുക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

നാട്ടിലേക്കു വരുന്നവരില്‍ ഏതെങ്കിലും ഒരാള്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ ആ വിമാനത്തിലുള്ള എല്ലാവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. ഇത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കോവിഡ് നെഗറ്റീവ് ആയവരെ മാത്രം കേരളത്തിലേക്ക് കൊണ്ടുവരാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. ശനിയാഴ്ച മുതല്‍ ഗള്‍ഫില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

Related Articles

Back to top button