ബീജിംഗ്: സ്വയം വ്യാജ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച യുവാവ് ചൈനയില്‍ പിടിയില്‍. സ്വന്തം ഫോട്ടോയും കെട്ടിച്ചമച്ച കുറ്റസമ്മതവും സഹിതം പങ്കുവെച്ച യുവാവാണ് പിടിയിലായത്. വാങ് എന്നാണ് പിടിയിലായ യുവാവിന്റെ ലഭ്യമായ പേര് എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ മുഴുവന്‍ പേര് ലഭ്യമായിട്ടില്ല. വാങ് നവംബര്‍ 11-നാണ് വാണ്ടഡ് ഓര്‍ഡര്‍ എന്ന പോസ്റ്റ് ഫോട്ടോയും കുറ്റസമ്മതവും ഉള്‍പ്പെടുത്തി പങ്കുവെച്ചത്.
വാങ് ഒരു കുപ്രസിദ്ധ കുറ്റവാളിയായി നടിക്കുകയും ചൈനയിലെ അറിയപ്പെടുന്ന നടനും നര്‍ത്തകനും ഗായകനുമായ വാങ് യിബോ ആണെന്ന് അവകാശപ്പെടുകയും ചെയ്തു. നവംബര്‍ 10-ന് ഒരു കമ്പനിയില്‍ നിന്ന് 30 മില്യണ്‍ യുവാന്‍ (ഏകദേശം 4 മില്യണ്‍ ഡോളര്‍) തട്ടിയെടുത്തതായി വാങ് തന്റെ പോസ്റ്റില്‍ ആരോപിച്ചു. 30,000 യുവാന്‍ വാഗ്ദാനം ചെയ്ത് ഒരു സബ് മെഷീന്‍ ഗണ്ണും 500 വെടിയുണ്ടകളും കൈവശമുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. തന്നെ കണ്ടെത്തുന്നവര്‍ക്ക് ഏകദേശം 4,000 ഡോളറാണ് വാങ് പാരിതോഷികം പ്രഖ്യാപിച്ചത്.
വാങിന്റെ പോസ്റ്റ് വളരെ വേഗം വൈറലായി. 24 മണിക്കൂറിനുള്ളില്‍ 3,50,000 വ്യൂസും 2,500 ലൈക്കുകളും 1,100-ലധികം ഷെയറുകളും വാങ്ങിന്റെ പോസ്റ്റിന് ലഭിച്ചു. സംശയാസ്പദമായ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ലോക്കല്‍ പൊലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ വാറണ്ട് പോസ്റ്റ് ചെയ്ത വാങിനെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയില്‍ വാങ് അവകാശപ്പെട്ടത് പോലെ തോക്കുകളോ വെടിക്കോപ്പുകളോ കണ്ടെത്തിയിട്ടില്ല. കൂടാതെ, കമ്പനി കൊള്ളയടിച്ചതിനും തെളിവുകളില്ല.
തന്റെ ജീവിതത്തിലെ വിരസതയും മോശം മാനസികാവസ്ഥയും കാരണമാണ് വ്യാജ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വാങ് സമ്മതിച്ചു. സ്വയം സന്തോഷം കണ്ടെത്താനുള്ള ഒരു മാര്‍ഗമായാണ് അറസ്റ്റ് വാറണ്ട് ഇറക്കിയതെന്നും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് വാങ് സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
63 1 minute read