BREAKING NEWSKERALALATEST

പ്രശസ്ത സാഹിത്യകാരന്‍ യു എ ഖാദര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ യു എ ഖാദര്‍ അന്തരിച്ചു.85 വയസ്സായിരുന്നു. ശ്വാസകോശാര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഥിതി സങ്കീര്‍ണമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പച്ചെങ്കിലും വൈകിട്ട് അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു.

മലയാളിയായ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച യു.എ.ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്താണ് കേരളത്തിലെത്തിയത്.കൊയിലാണ്ടി ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് ആര്‍ട്‌സ് കോളേജില്‍ നിന്ന് ചിത്രരചനയില്‍ ബിരുദം നേടി.

1983 ല്‍ തൃക്കോട്ടൂര്‍ പെരുമ എന്ന കഥാസാമാഹരത്തിനും 2000 ല്‍ അഘോരശിവം എന്ന നോവലിനും 2007 ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2009 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനും തൃക്കോട്ടൂര്‍ പെരുമ അര്‍ഹമായി. ഇവ കൂടാതെ എസ്.കെ പൊറ്റക്കാട് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, വി.ടി സ്മാരക പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ആകാശവാണി നിലയത്തിലും സംസ്ഥാന ആരോഗ്യ വകുപ്പിലും സേവനമനുഷ്ഠിച്ച അദ്ദേഹം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം, കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഭരണ സമിതികളിലെ ഉപാദ്ധ്യക്ഷന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവര്‍ണിംഗ് ബോഡി അംഗം എന്നീ പദവികളും വഹിച്ചു. എഴുപതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അവസാനമായി പുറത്തിറങ്ങിയ രചന 2011 ല്‍ പ്രസിദ്ധീകരിച്ച ശത്രു എന്ന നോവലാണ്. ഓര്‍മകളുടെ പഗോഡ എന്ന പേരില്‍ അദ്ദേഹം രചിച്ച യാത്രാവിവരണം 70 വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാടായ മ്യാന്‍മര്‍ സന്ദര്‍ശിച്ചതിതും തുടര്‍ന്നുള്ള ഗൃഹാതുരഓര്‍മകളുടെയും സമാഹാരമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker