കാഞ്ഞിരപ്പള്ളി: സുമനസ്സുകളുടെ! സഹായങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഫലമുണ്ടായില്ല, കൃഷ്ണപ്രിയ യാത്രയായി. തമ്പലക്കാട് പാറയില്‍ ഷാജി അനിത ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയ (24) ചികിത്സയില്‍ കഴിയവേ ഇന്നലെയാണ് മരിച്ചത്. ജനുവരി 29ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയ ശേഷം കൃഷ്ണപ്രിയ അബോധാവസ്ഥയിലായി. തുടര്‍ന്ന് ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷ്ണപ്രിയയുടെ ചികിത്സയ്ക്കായി നാടൊന്നിച്ചു പണം സ്വരൂപിച്ചു വരികയായിരുന്നു.
കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ ആയവന പാലനില്‍ക്കുംപറമ്പില്‍ പ്രവീണ്‍ ഡ്രൈവിങ് ജോലി ചെയ്താണ് കുടുംബം കഴിഞ്ഞുവന്നത്. ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്കി, പിറ്റേന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട് കൃഷ്ണപ്രിയ അബോധാവസ്ഥയിലായി. അണുബാധയെത്തുടര്‍ന്ന് രക്ത സമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു.
ക്രഷറില്‍ ജോലി ചെയ്തുവന്ന പിതാവ് ഷാജിക്ക് ശ്വാസം മുട്ടല്‍ രൂക്ഷമായതിനെത്തുടര്‍ന്നു ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. അമ്മ അനിത പശുവിനെ വളര്‍ത്തിയാണ് കുടുംബം പുലര്‍ത്തുന്നത്. സഹോദരന് അനന്തു പ്ലസ്ടുവിനു ശേഷം പഠനം തുടരാന്‍ കഴിയാതെ നില്ക്കുന്നു. കൃഷ്ണപ്രിയയുടെ സംസ്കാരം ഇന്നു മൂന്നിന് തമ്പലക്കാട്ടെ വീട്ടുവളപ്പില്‍ നടത്തും.