BREAKINGKERALA

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച നാല് കേസുകളില്‍ കെസിഎയുടെ ക്രിക്കറ്റ് കോച്ചിനെതിരെ കുറ്റപത്രം നല്‍കി

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനു എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ എം മനുവിനെതിരെ നാല് കേസുകളില്‍ പൊലീസ് കുറ്റപത്രം നല്‍കി. പോക്‌സോ കേസിലെ ഇരയെ പ്രായപൂര്‍ത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിലും പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഈ കേസ് തെങ്കാശി പൊലീസിന് കൈമാറി.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ അക്കാദമിയിന്‍ പരിശീലകനായിരുന്നു എം മനു. ജൂനിയര്‍ തലത്തിലുള്ള പെണ്‍കുട്ടികള്‍ക്കാണ് ഇയാള്‍ പരിശീലനം നല്‍കിയിരന്നത്. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ അക്കാദമിയില്‍ പരിശീലനത്തിയെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച വിവരം അടുത്തിടെയാണ് പുറത്തുവന്നത്. രണ്ട് വര്‍ഷം മുമ്പ് ഇയാളുടെ പീഡനത്തിനിരയായ ഒരു കുട്ടി നാല് മാസം മുമ്പ് ഒരു മത്സരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വീണ്ടും മനുവിനെകണ്ടു. ഭയന്നു പോയ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചതോടെയാണ് പീഡന വിവരങ്ങള്‍ പുറത്തുവരുന്നത്.
ഇതിനു പിന്നാലെ അഞ്ച് പെണ്‍കുട്ടികള്‍ കൂടി പൊലീസിനെ സമീപിച്ചു. ക്രിക്കറ്റ് അക്കാദമിയിലെ വിശ്രമ മുറിയിലും ശൗചാലയത്തിലും വെച്ചായിരുന്നു ആദ്യം പീഡനം. പിന്നീട് അസേസിയേഷന്‍ അറിയാതെ പെണ്‍കുട്ടികളെ തെങ്കാശിയില്‍ ടൂര്‍ണമെന്റുകളില്‍ മത്സരിപ്പിക്കാന്‍ കൊണ്ടുപോയി അവിടെവെച്ചും പീഡിപ്പിച്ചു. ആറ് പോക്‌സോ കേസുകളില്‍ നാലെണ്ണത്തിലാണ് ഇപ്പോള്‍ കണ്‍ന്റോണ്‍മെന്റ് പൊലീസ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്കിയത്.
2020ല്‍ പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലില്‍ തെങ്കാശിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചതായും തെളിഞ്ഞു. ഇതേ തുടര്‍ന്ന് ഈ കേസ് തെങ്കാശിയിലെ കുറ്റാലം സ്റ്റേഷനിലേക്ക് കൈമാറിയിരിക്കുകയാണ്.
ബിസിസിസിഐക്ക് ശാരീരികക്ഷമത പരിശോധിക്കാനെന്ന പറഞ്ഞ ഇയാള്‍ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ എടുത്തിരുന്നു. ഫോണില്‍ നിന്ന് ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
മനുവിനെതിരെ കെസിഎയിലെ വനിതാ പരിശീലകയും സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. വിവിധ മത്സരങ്ങള്‍ക്ക് കുട്ടികളെ കൊണ്ടു പോകുമ്പോള്‍ മനു തന്നെ പലകാരണങ്ങള്‍ പറഞ്ഞ് മനഃപൂര്‍വം ഒഴിവാക്കുമായിരുന്നു എന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്.

Related Articles

Back to top button