KERALALATEST

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അടക്കം അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം; ജപ്തി ചെയ്യാന്‍ വന്നവര്‍ തമ്മില്‍ തര്‍ക്കം

കോട്ടയം: കടുത്തുരുത്തിയില്‍ പ്രവാസി മലയാളിയുടെ കുടിവെള്ള ബോട്ടിലിങ് കമ്പനി ജപ്തി ചെയ്യാന്‍ കോടതി ഉത്തരവുമായി എത്തിയ ബാങ്ക് പ്രതിനിധിയും കോടതി കമ്മീഷനായി എത്തിയ അഭിഭാഷകനും തമ്മില്‍ വാഗ്വാദവും ഏറ്റുമുട്ടലിനു ശ്രമവും. സ്ഥാപന ഉടമയുടെ പ്രായപൂര്‍ത്തിയാകാത്തത് ഉള്‍പ്പടെ പെണ്‍ മക്കളെ അറസ്റ്റ് ചെയ്തും ജപ്തി നടത്തുമെന്ന ബാങ്ക് പ്രതിനിധിയുടെ ഭീഷണിയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് വഴിവച്ചത്. ജപ്തി ചെയ്യാന്‍ വന്നവര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ ജപ്തി മുടങ്ങി.
കോട്ടയം സി ജെ എം കോടതിയില്‍ നിന്നും സര്‍ഫാസി നിയമ പ്രകാരമുള്ള ജപ്തി ഉത്തരവുമായി എത്തിയ ബാങ്ക് പ്രതിനിധിയും അഭിഭാഷക കമ്മീഷനും തമ്മിലാണ് തര്‍ക്കമുണ്ടായത്. കടുത്തുരുത്തി മധുരവേലിയില്‍ പി.കെ. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ഹോണ്‍ബില്‍ എന്ന കുടിവെള്ള കമ്പനി ജപ്തിക്കെത്തിയവരാണ് പരസ്യമായി വഴക്കിട്ടത്. ജപ്തി നടപടി നടക്കുമ്പോള്‍ എബ്രഹാമിന്റെ രണ്ടു പെണ്‍മക്കള്‍ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയുമായിരുന്നു. ഈ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത് നീക്കിയും ജപ്തി നടത്തണമെന്ന് ബാങ്ക് പ്രതിനിധി ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയില്‍ നിന്നെത്തിയ അഭിഭാഷക കമ്മിഷന്‍ ഈ നീക്കം എതിര്‍ത്തു. ഇതോടെ ബാങ്ക് പ്രതിനിധിയായ യുവാവ് അഭിഭാഷകനു നേരെ കയര്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
തര്‍ക്കം രൂക്ഷമായതോടെ അഭിഭാഷകന്‍ മടങ്ങി. ജപ്തിയും മുടങ്ങി. കുടിവെള്ള വിതരണ കമ്പനിക്കായി എടുത്ത ഒന്നേ മുക്കാല്‍ കോടിയുടെ വായ്പാ കുടിശികയുടെ പേരിലാണ് എബ്രഹാമിന്റെ പ്ലാന്റ് ജപ്തി ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചത്. നേരത്തെ ഇതേ വായ്പയുടെ പേരില്‍ അറുപത് സെന്റ് സ്ഥലവും വീടും ബാങ്ക് ജപ്തി ചെയ്തിരുന്നു. പണം തിരിച്ചടയ്ക്കാന്‍ സാവകാശം തേടി എബ്രഹാം ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് വേഗത്തില്‍ ജപ്തി പൂര്‍ത്തിയാക്കാന്‍ ബാങ്ക് അധികൃതര്‍ എത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker