ബെംഗളൂരു: കുട്ടികള്‍ക്ക് ഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ട അടിച്ച് മാറ്റിയ അംഗനവാടി ജീവനക്കാര്‍ക്കെതിരെ നടപടി. കര്‍ണാടകയിലെ കൊപ്പാല്‍ ജില്ലയിലാണ് സംഭവം. അംഗനവാടിയിലെത്തിയ കുട്ടികള്‍ക്ക് പാത്രത്തില്‍ ഭക്ഷണത്തിനൊപ്പം മുട്ട നല്‍കിയ ശേഷം ജീവനക്കാര്‍ ഇത് തിരികെയെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കുട്ടികള്‍ക്ക് ഭക്ഷണത്തിനൊപ്പം മുട്ട നല്‍കുന്നതായി വീഡിയോ എടുത്ത ശേഷം പാത്രത്തില്‍ നിന്ന് മുട്ട തിരികെ എടുത്ത രണ്ട് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ലക്ഷ്മി, ഷഹനാസ് ബീഗം എന്നീ ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. കൊപ്പാല്‍ ജില്ലയിലെ ഗുണ്ടൂരിലാണ് അംഗനവാടിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്.
കുട്ടികള്‍ പാത്രത്തില്‍ മുട്ടയുമായി നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം മുട്ട കഴിക്കുന്നതിന് മുന്‍പ് പാത്രത്തില്‍ നിന്ന് തിരിച്ചെടുക്കുകയായിരുന്നു ഇവര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലും അംഗനവാടികളിലും ഉച്ച ഭക്ഷണത്തിനൊപ്പം മുട്ട നിര്‍ബന്ധമാണെന്നിരിക്കെയാണ് അംഗനവാടി ജീവനക്കാരുടെ നടപടി. വനിതാ ശിശുക്ഷേമ വകുപ്പാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ നടപടി എടുത്തതായാണ് വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പ്രതികരിക്കുന്നത്.
ജീവനക്കാര്‍ക്ക് പുറേമ കൊപ്പാല്‍ ജില്ലയിലെ ശിശുക്ഷേമ പദ്ധതി ഓഫീസര്‍ക്ക് വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് അംഗനവാടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും. വിവിധ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന കുട്ടികള്‍ പിന്തള്ളപ്പെട്ട് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കേണ്ടതെന്നുമാണ് മന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നുമുണ്ടാകുമെന്നും മന്ത്രി വിശദമാക്കി.
തറയില്‍ ഭക്ഷണപാത്രത്തിന് മുന്നില്‍ നിരന്നിരുന്ന കുട്ടികളോട് പ്രാര്‍ത്ഥിക്കാന്‍ പറയുന്ന ജീവനക്കാരി പ്രാര്‍ത്ഥന പൂര്‍ത്തിയാവുന്നതിന് പിന്നാലെയാണ് മുട്ട പ്ലേറ്റുകളില്‍ നിന്ന് എടുത്തുകൊണ്ട് പോവുന്നത്. കുട്ടികള്‍ ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് മുട്ട എടുത്ത് കൊണ്ടു പോവുന്നതെന്നും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് 69000 അംഗനവാടികളാണ് വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍.
53 1 minute read